വാഴഗ്രാമം പദ്ധതി
1593629
Monday, September 22, 2025 12:44 AM IST
ബളാൽ: ബളാൽ പഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാഴഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.
200ലധികം കർഷകർക്ക് ഗുണം ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായി 17,500 വഴക്കന്നുകൾ സൗജന്യമായി വിതരണം ചെയ്യും. അടുത്ത ഓണച്ചന്തയിൽ നാട്ടിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ എത്തിക്കുക പദ്ധതിയുടെ ലക്ഷ്യമാണ്.
പഞ്ചായത്തംഗങ്ങളായ ടി. അബ്ദുൾ ഖാദർ, മോൻസി ജോയ് എന്നിവർ പങ്കെടുത്തു. ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് വി. ശ്രീഹരി നന്ദിയും പറഞ്ഞു.
പനത്തടി: വാഴഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പനത്തടി കൃഷിഭവനു കീഴിൽ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. ചെറുപനത്തടിയിലെ വി.വി. കുമാരന്റെ കൃഷിയിടത്തിൽ നടത്തിയ ആദ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ ലത അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ എൻ. വിൻസെന്റ്, രാധ സുകുമാരൻ, കൃഷി ഓഫീസർ വി.വി. മധുസൂദനൻ, കൃഷി അസിസ്റ്റന്റ് സി. ചക്രപാണി എന്നിവർ സംബന്ധിച്ചു.
ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി നടത്തിയതെങ്കിലും വാഴക്കുലകൾ പാകമാകാൻ താമസിച്ചത് വിലയുടെ കാര്യത്തിൽ കർഷകർക്ക് ആശങ്കയായിട്ടുണ്ട്.
കൃഷിഭവൻ പരിധിയിലെ 270 കർഷകർക്കായി 15000 വാഴക്കന്നുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷത്തെ കർഷകരുടെ തുടർ കൃഷി ഉൾപ്പെടെ ഇത്തവണ 150 ടൺ വാഴക്കുലകളെങ്കിലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.