അജാനൂരില്‍ സിപിഎം അനധികൃത വോട്ടുകള്‍ ചേര്‍ക്കുന്നതായി മുസ്ലിം ലീഗ്
1593625
Monday, September 22, 2025 12:44 AM IST
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ പുതിയ 19-ാം വാര്‍ഡായ ഇട്ടമ്മലില്‍ ക്വാര്‍ട്ടേഴ്സില്‍ കേന്ദ്രീകരിച്ചു താമസം ഇല്ലാത്തവരുടെ വോട്ടുകള്‍ ചേര്‍ത്തതായി കണ്ടെത്തി. ഇട്ടമ്മലിലെ വാടക കെട്ടിടത്തിലും മറ്റു മൂന്ന് കെട്ടിടത്തിലുമാണ് അനധികൃതമായി വോട്ടുകള്‍ ചേര്‍ത്തതായി കണ്ടെത്തിയത്.
മുന്‍ കാലങ്ങളിലൊ നിലവിലോ ഈ വോട്ട് ചേര്‍ത്തവര്‍ ക്വാര്‍ട്ടേഴ്സില്‍ താമസം ഉണ്ടായിരുന്നില്ല എന്നാണ് ഉടമസ്ഥര്‍ വ്യക്തമാക്കിയത്.
തൃശൂരിലും ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്ത് സംഘ പരിവാര്‍ നടത്തിയ വോട്ട് ചോരി പദ്ധതിയുടെ തനിപ്പകര്‍പ്പാണ് ഭരണാധികാരത്തിന്റെ മറവില്‍ സിപിഎം അജാനൂരില്‍ ചെയ്തിരിരിക്കുന്നതെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.
പുതുക്കിയ വാര്‍ഡ് അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക ക്രമീകരിച്ചപ്പോള്‍ അജാനൂര്‍ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടേണ്ട ധാരാളം വോട്ടുകള്‍ 24-ാം വാര്‍ഡില്‍ പെടുത്തിയത് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയത് ബോധ്യം വന്ന് അവ ക്രമവത്കരിക്കുമെന്ന് നോട്ടീസിറക്കിയ പഞ്ചായത്ത് സെക്രട്ടറി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പഴയ തെറ്റ് അതേപടി ആവര്ത്തിച്ചതിനെതിരെയും പഞ്ചായത്ത് മുസ്ലിം ലീഗ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഭരണത്തിന്റെ ജനവിരുദ്ധത കാരണം തോല്‍വി മണക്കുന്ന ഇടതുപക്ഷം വാര്‍ഡ് വിഭജനത്തിലും വോട്ടര്‍പട്ടികയിലും കൃത്രിമം കാണിച്ച് വളഞ്ഞ വഴിയിലൂടെ ജയിക്കാന്‍ നടത്തുന്ന ശ്രമത്തെ നിയമപരമായി ചെറുത്തുതോല്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവിച്ചു.