കുശാല്‍നഗര്‍ റെയില്‍വേ മേല്‍പ്പാലം: സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി
1593621
Monday, September 22, 2025 12:44 AM IST
കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. ടിബി റോഡ് ശവപറമ്പ്- കൊട്രച്ചാല്‍ റോഡിലെ 273-ാം നമ്പര്‍ ലെവല്‍ ക്രോസിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34.71 കോടി ഉപയോഗിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ ഒമ്പതു പേരില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.
ഹൊസ്ദുര്‍ഗ് വില്ലേജിലെ പിടി 178, 147, 271, 272, 267, 259, 242 എന്നീ സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട 148 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഒരു കുടുംബത്തിന്റെ ഭൂമി ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനും വിജ്ഞാപനത്തില്‍ ഉത്തരവായിട്ടുണ്ട്. എല്ലാവര്ക്കും മികച്ച വില നല്‍കിയാവും ഭൂമി ഏറ്റെടുക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റടുക്കല്‍ നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അവസാനമായി റെയില്‍വേയുടെ ജിഡി (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ്) അംഗീകാരം ലഭിച്ചതോടെയാണ് മേല്‍പ്പാല നിര്‍മാണത്തിന്റെ എല്ലാ തടസങ്ങളും നീങ്ങിയത്.
മേല്‍പാലത്തിന് 34.71 കോടി രൂപയുടെ അംഗീകാരം കിഫ്ബി നേരത്തെ നല്‍കിയിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 444 മീറ്ററാണ് നീളം. ഗതാഗതത്തിന് രണ്ടുവരി പാതയും നടപ്പാതയും ഉണ്ടാകും. ഒമ്പതു കെട്ടിടങ്ങളും ഏറ്റെടുക്കണം. ഇ. ചന്ദ്രശേഖരന് എംഎല്‍എ ഇടപെട്ട് ആണ് ആവശ്യമായ തുക കിഫ്ബിയില്‍ നിന്നു അനുവദിച്ചത്.
2013ലാണ് മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമാകുന്നത്. ഇതിനായി കെ. മുഹമ്മദ്കുഞ്ഞി ചെയര്‍മാനായും കെ.പി. മോഹനന് ജനറല്‍ കണ്‍വീനറായും കര്‍മസമിതിയും രൂപീകരിച്ചു. ഇതേ തുടര്‍ന്ന് സ്ഥലം എംഎല്‍എ ഇ. ചന്ദ്രശേഖരന് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരികയായിരുന്നു. 2014 കേന്ദ്ര സര്‍ക്കാര്‍ പാലത്തിനായി 10 ലക്ഷം അനുവദിച്ചു.
2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പാലത്തിന്റെ നിര്‍മാണത്തിനായി 39.44 കോടി അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മേല്‍പ്പാല നിര്‍മാണത്തിനായി തുല്യ വിഹിതം വഹിക്കണമെന്ന വ്യവസ്ഥ വന്നതോടെ പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
തുര്‍ന്നു മന്ത്രി ഇ.ച ന്ദ്രശേഖരന്‍, പി. കരുണാകരന് എംപി മുഖേന സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പ്രവൃത്തി ആര്ബിടിസിയെ ഏല്പിക്കുകയായിരുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശമേഖലയായ കുശാല്‍നഗര്‍, കല്ലൂരാവി, ഹൊസ്ദുര്‍ഗ് കടപ്പുറം,പുഞ്ചാവി കടപ്പുറം, ഒഴിഞ്ഞവളപ്പ് തുടങ്ങി 19 വാര്‍ഡുകളിലെ ജനങ്ങളുടെ യാത്രക്കുരുക്കിനു പരിഹാരമാകും.