പോലീസ് സ്റ്റേഷനുകളിൽ കൂട്ടിയിട്ട വാഹനങ്ങൾ വീണ്ടും ലേലം ചെയ്യാൻ തീരുമാനം
1593626
Monday, September 22, 2025 12:44 AM IST
കാസർഗോഡ്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടി കൂട്ടിയിട്ട വാഹനങ്ങൾ വീണ്ടും ലേലം ചെയ്യാൻ തീരുമാനം. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർഗോഡ്, മേൽപ്പറമ്പ്, ബേഡകം, നീലേശ്വരം, രാജപുരം, ഹൊസ്ദുർഗ്, ചിറ്റാരിക്കാൽ, ചന്തേര പോലീസ് സ്റ്റേഷനുകളിലും കാഞ്ഞങ്ങാട് നിർമിതി കേന്ദ്രത്തിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴിയാണ് ഇ-ലേലം നടത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രണ്ടു പ്രാവശ്യം ഇത്തരത്തിൽ ലേല നടപടികൾ നടന്നിരുന്നു.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബൈക്കുകൾ, കാറുകൾ, പിക്കപ്പ് വാനുകൾ, ലോറി, ഓട്ടോറിക്ഷ, വിവിധ ഗുഡ്സ് വാഹനങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്. കേസുകളുടെ നടപടിക്രമങ്ങൾ അവസാനിച്ച വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. കേസുകൾ തീരാൻ ഏറെ വർഷങ്ങളെടുക്കുന്നതിനാൽ ഇതിലേറെയും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
ഇത്തവണ ലേലം ചെയ്യുന്നവയിൽ 161 വാഹനങ്ങൾ തകർന്ന് രൂപം പോലും നഷ്ടപ്പെട്ടവയാണ്. സ്ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇവ ലേലം ചെയ്യുന്നത്. ബാക്കിയുള്ള 33 വാഹനങ്ങൾ റണ്ണിംഗ് കണ്ടീഷനിലല്ലെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ വാഹനങ്ങളുടെ യഥാർഥ വിലയുടെ ചെറിയൊരു ശതമാനം മാത്രമാണ് ലേലനടപടികളിലൂടെ സർക്കാരിന് ലഭിക്കുക.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ കേസ് തീരാൻ കാത്തുനിൽക്കാതെ ഉടമകളിൽ നിന്ന് വൻതുക പിഴയീടാക്കി തിരിച്ചുനൽകുകയോ അവർ ഏറ്റെടുക്കാത്തപക്ഷം തുരുമ്പെടുത്ത് നശിക്കാൻ അനുവദിക്കാതെ ഉടൻതന്നെ ലേലം ചെയ്യുകയോ ചെയ്താൽ ഇതുവഴി സർക്കാരിന് കോടികളുടെ വരുമാനം നേടിയെടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.