സൗഹൃദം സ്ഥാപിച്ച് പണം തട്ടൽ; സംഘത്തിലെ രണ്ടാമനും പിടിയിൽ
1594152
Wednesday, September 24, 2025 4:45 AM IST
മൂവാറ്റുപുഴ: മാധ്യമങ്ങളില്‍ സ്ഥലം വില്പനയ്ക്ക് എന്ന് പരസ്യം നല്‍കുന്നവരെ ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടാമനെ തിരുവനന്തപുരത്തെ ഒളിത്താവളത്തില്‍നിന്ന് മൂവാറ്റുപുഴ പോലീസ് പിടികൂടി.
തിരുവനന്തപുരം കവടിയാര്‍ അമ്പലമുക്ക് ഭാഗത്ത് അനിയന് ലൈനില്‍ മുല്ലശേരില്‍ താമസിക്കുന്ന, ചിറയിന്‍കീഴ് കാട്ടുമ്പുറം സ്വദേശി ഷേര്‍മിള മന്‍സില്‍ സജിത്ത് കുമാറി(ദീപക്- 50) നെയാണ് മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
സ്ഥലം ബ്രോക്കര്‍ എന്നു പരിചയപ്പെടുത്തി വന്‍തുകകള്‍ വായ്പയായി നൽകാമെന്നും കൊടുക്കുന്ന തുകയ്ക്ക് ഇരട്ടി തുക നല്‍കാമെന്നും വാഗ്ദാനം നല്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍. ആലുവ സ്വദേശിയുടെ 15 ലക്ഷമാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
സ്ഥലം വില്പനയ്ക്ക് എന്ന് പരസ്യം നല്കിയ പരാതിക്കാരനെ ഫോണില്‍ വിളിച്ച് ജോഷി എന്ന് പേര് പറഞ്ഞ് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചുക്കുകയായിരുന്നു. സിനിമാ മേഖലയില്‍ ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയും തന്റെ കൈയില്‍ പലരുടെയും പണം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി കോട്ടയം വാഴൂര്‍ സ്വദേശി മണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂട്ടുപ്രതികളെപ്പറ്റിയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പിടികൂടിയത്. പ്രതിക്കെതിരേ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്, കൊല്ലം ഈസ്റ്റ്, ആറ്റിങ്ങല്‍, തമിഴ്നാട്ട് എന്നിവിടങ്ങളില്‍ കേസ് നിലവിലുണ്ട്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. രാജേഷ്, പി.സി. ജയകുമാര്‍, സീനിയര്‍ സിപിഒ നിഷാന്ത് കുമാര്‍, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നത്.