ട്രെയിനിൽ മൊബൈൽ ഫോൺ കവർച്ച; രണ്ടു പേർ റിമാൻഡിൽ
1594153
Wednesday, September 24, 2025 4:45 AM IST
കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന രണ്ടുപേർ കുടുങ്ങി. കവർച്ചാ സംഘത്തിലെ പ്രധാനിയായ അമ്പലമുകൾ അമൃത കോളനിയിൽ അരുൺ ( 32) , കളവു മുതൽ കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊളിച്ചു വിൽക്കാൻ ശ്രമിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഫോൺ പോ എന്ന മൊബൈൽ കട നടത്തുന്ന തോപ്പുംപടി സ്വദേശി സലാഹുദീ ൻ (35) എന്നിവരെയാണ് എറണാകുളം റെയിൽവേ ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19 ന് രാത്രി എട്ടിന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട എറണാകുളം - ഓഖാ ട്രെയിനിന്റെ മുൻവശം ജനറൽ കോച്ചിലെ വാതിൽപ്പടിയിൽ ഇരുന്നു സഞ്ചരിച്ച തിരൂർ സ്വദേശിയുടെ 80,000 രൂപ വില വരുന്ന ഐ ഫോണാണ് നാലംഗ സംഘം കവർന്നത്. സലാഹുദ്ദീൻ ഇത് മോഷണ മുതൽ ആണെന്നറിഞ്ഞു കൊണ്ട് കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊളിച്ചു വിൽക്കാൻ ശ്രമിക്കുകയായിരുന്നു.
ട്രെയിൻ പുല്ലേപ്പടി ഓവർ ബ്രിഡ്ജിന്റെ താഴെയെത്തി വേഗത കുറച്ച സമയത്തായിരുന്നു സംഘം മൊബൈൽ ഫോൺ തട്ടിയെടുത്തത്.അരുണിന്റെ പേരിൽ എറണാകുളം, തൃശൂർ ജില്ലകളിലായി കവർച്ച, മോഷണം ഉൾപ്പെടെ ഏഴു കേസുകൾ നിലവിലുണ്ട്. പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എ. നിസാറുദീൻ, ഇ. കെ. അനിൽകുമാർ, എസ്സിപിഒമാരായ കെ.വി. ദിനിൽ, സഹേഷ്, തോമസ് , എ.പി.അനീഷ് കുമാർ, അഖിൽ തോമസ്, അലക്സ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.