കുര്യന്മല മിനി സ്റ്റേഡിയം 25ന് നാടിന് സമര്‍പ്പിക്കും
1594021
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ : ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ആരോഗ്യ പരിരക്ഷയും കായിക മേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കുര്യന്‍മലയില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം 25ന് മന്ത്രി വി. അബ്ദുള്‍ റഹ്മാന് നാടിന് സമര്‍പ്പിക്കും. 70 ലക്ഷം ചെലവഴിച്ച് 24-ാം വാര്‍ഡിലാണ് ടര്‍ഫ് മാതൃകയിൽ മിനി സ്റ്റേഡിയം നിര്‍മിച്ചതെന്ന് നഗരസഭാ അധ്യക്ഷന്‍ പി.പി. എല്‍ദോസ് അറിയിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമിച്ചത്. സര്‍ക്കാരില്‍ നിന്ന് 35 ലക്ഷം രൂപയും, 10 ലക്ഷം നഗരസഭാ വിഹിതവും ഡീന്‍ കുര്യാക്കോസ് എംപിയുടെ ഫണ്ടില്‍ നിന്നും 10 ലക്ഷവും മാത്യു കുഴല്നാടന് എംഎല്‍എയുടെ ഫണ്ടില്‍ നിന്നു 15 ലക്ഷവും സ്റ്റേഡിയത്തിനായി വിനിയോഗിച്ചു. സമീപ പഞ്ചായത്തുകളായ വാളകം, പായിപ്ര എന്നിവിടങ്ങളിലെ യുവജനങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്നതിനാണ് കുര്യന്‍മലയില്‍ കളിക്കളം നിര്‍മിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ നഗരസഭാധ്യക്ഷനുമായിരുന്ന അന്തരിച്ച കെ.ആര് സദാശിവന് നായരുടെ സ്മരണാര്‍ഥം നിര്‍മിച്ച സ്റ്റേഡിയത്തോടനുബന്ധിച്ച് ടര്‍ഫ്, മഡ് കോര്‍ട്ട്, ഗാലറി, ഓഫീസ്, വിശ്രമ മുറികള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാധ്യക്ഷന്‍ പി.പി എല്‍ദോസ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു തുടങ്ങിയവർ പ്രസംഗിക്കും.