ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുവർഷമായിട്ടും ഞാറക്കലിലെ കുടിവെള്ള സംഭരണി പ്രവർത്തനമാരംഭിച്ചില്ല
1594121
Wednesday, September 24, 2025 4:11 AM IST
വൈപ്പിൻ : രണ്ടര വർഷം മുമ്പ് വകുപ്പു മന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഞാറക്കലെ കുടിവെള്ള സംഭരണി ഇന്നും വറ്റിവരണ്ടു തന്നെ കിടക്കുന്നു. ഇതിൽനിന്നു തുള്ളി വെള്ളം പോലും സംഭരിക്കാനോ വിതരണം ചെയ്യാനോ അധികൃതർ നാളിതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഗോശ്രീ മനുഷ്യവകാശ സംരക്ഷണ സമിതി ആരോപിക്കുന്നു.
കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നായരമ്പലം, ഞാറക്കൽ നിവാസികളുടെ ദാഹമകറ്റാൻ ആറുകോടി രൂപ ചെലവാക്കിയാണ് ഈ ടാങ്ക് നിർമിച്ചത്. എന്നിട്ടും ഇഴഞ്ഞു വലിഞ്ഞ് 12 വർഷം കൊണ്ടാണ് വാട്ടർ അഥോറിറ്റി ഈ ജലസംഭരണിയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതിനുശേഷം സ്ഥലം എംഎൽഎയുടെ നേതൃത്വത്തിലാണ് വകുപ്പുമന്ത്രി എത്തി ഉത്സവ മേളത്തോടെ ഉദ്ഘാടനം നടത്തിയത്.
ഇതേ അവസ്ഥ തന്നെയാണ് മുരുക്കുംപാടം ജലസംഭരണിക്കും. വൈപ്പിൻ ദ്വീപിന്റെ തെക്കൻ മേഖലകളിലെ ദാഹം അകറ്റാൻ നാലു കോടി രൂപ ചെലവിൽ നിർമിച്ചതാണിത്. ഇതും ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായി . എന്നിട്ടും പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ രണ്ടു സംഭരണികളും ഒരു മാസത്തിനകം പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ എറണാകുളം വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി അറിയിച്ചു.