അട്ടാറ ലിങ്ക് റോഡിൽ നാട്ടുകാർ പാലം നിർമിച്ചു
1594130
Wednesday, September 24, 2025 4:11 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ വടക്കേ അട്ടാറ, മൂക്കന്നൂർ പഞ്ചായത്തിലെ തെക്കേ അട്ടാറ നിവാസികളുടെ ചിരകാലസ്വപ്നം പൂവണിഞ്ഞു. വടക്കേ- തെക്കേ അട്ടാറ ലിങ്ക് റോഡ് നിർമാണവും ഈ റോഡിൽ നിർമിച്ചിരുന്ന താൽക്കാലിക പാലം തകർന്നതിനെ തുടർന്ന് കോൺക്രീറ്റ് പാലവും തദ്ദേശവാസികളുടെ തന്നെ ഒത്തൊരുമയോടെ സഫലമാക്കിയതിന്റെ ആഹ്ലാദ നിറവിലാണ് ഇവിടത്തുകാർ.
ഇരു പഞ്ചായത്ത് നിവാസികൾക്കും രണ്ടിടങ്ങളിലേക്കും വളരെ എളുപ്പയാത്ര സാധ്യമാക്കുന്ന ലിങ്ക് റോഡാണിത്. 2022 നവംബർ മാസത്തിൽ റോഡ് നിർമാണം തുടങ്ങി. മൂന്ന് മാസത്തിനുശേഷം താത്കാലിക പാലം സ്ഥാപിച്ച് റോഡ് നിർമാണം പൂർത്തിയാക്കി. രണ്ട് വർഷം പിന്നിട്ട താത്കാലിക പാലംഅഞ്ച് മാസം മുൻപ് പൂർണമായി തകർന്ന് ഇതുവഴി ഗതാഗതതടസം നേരിട്ടു. ഇതേത്തുടർന്ന് തദ്ദേശ വാസികളുടെ അശ്രാന്ത ശ്രമഫലമായാണ് കോൺക്രീറ്റ് പാലം പണി ഈയിടെ പൂർത്തിയാക്കിയത്.
റോഡ് പണിക്ക് നാട്ടുകാരുടെ ശ്രമദാന പ്രവർത്തനങ്ങൾ കൂടാതെ 1. 5 ലക്ഷവും പുതിയ പാലത്തിന് ഏകദേശം 1.7 ലക്ഷവും ചെലവായി. ഈ തുക പൂർണമായും പ്രദേശവാസികളിൽ നിന്ന് പിരിവെടുത്താണ് നടത്തിയത്. ഇതേ തുടർന്ന് കെ.പി. ഹോർമിസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി അഞ്ച് സോളാർ ലൈറ്റുകൾ ഈ റോഡിൽ സ്ഥാപിക്കുകയുണ്ടായി.
പുതിയ പാലം നിർമിക്കുന്നതിന് ചിലവിന്റെ മുഖ്യപങ്കും വഹിച്ചത് മൂക്കന്നൂർ തെക്കേ അട്ടാറയിൽ പ്രവർത്തിക്കുന്ന ഹീ -മാൻ റോബോട്ടിക് പാർക്ക് എംഡി കെ.ടി. ജോസാണ്. സിഎസ്ടി ബ്രദേഴ്സിന്റെയും, ഇരുമ്പിന്റെ റെഡിമെയ്ഡ് പാലം ക്രെയിൻ ഉപയോഗിച്ച് കൊണ്ടുവന്ന് കോൺക്രീറ്റിൽ ഉറപ്പിയ്ക്കാൻ രഞ്ജൻ ജെയിംസിന്റെയും സഹായവും ഉണ്ടായി. ടോമി ഒലിവേലി കോൺട്രാക്ടർ വർക്ക് നിറവേറ്റി.
പാലത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എൻ.ഒ. കുരിയച്ചൻ നിർവഹിച്ചു. റോഡ് നിർമാണ കമ്മിറ്റി കോ ഓർഡിനേറ്റർ മാത്യു ഹോർമീസ് പാലാട്ടി അധ്യക്ഷത വഹിച്ചു.
ഹീ -മാൻ റോബോട്ടിക് പാർക്ക് എംഡി കെ.ടി. ജോസ് , റോഡ് നിർമാണ സമിതിയംഗം സെബി ജോസഫ് പള്ളിയാൻ, കെ.പി. ഹോർമിസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.പി. മത്തായി, സെക്രട്ടറി എൻ.ഒ. പൗലോസ്, കറുകുറ്റി പഞ്ചായത്ത് മെമ്പർ ജിജോ പോൾ, സൗത്ത് അട്ടാറ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സാജു ഏനായി എന്നിവർ പ്രസംഗിച്ചു.