കെ.ജെ. ഷൈനിന് എതിരായ സൈബര്‍ ആക്രമണം : വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ മെറ്റ
1594150
Wednesday, September 24, 2025 4:40 AM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെയും പോലീസ് നിരീക്ഷണത്തിലുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറാനൊരുങ്ങി മെറ്റ. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നതായി മെറ്റ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള കെ.എം. ഷാജഹാന്, കോണ്‍ഗ്രസ് പ്രദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് പുറമേ പോസ്റ്റ് ഷെയര്‍ ചെയ്ത നൂറോളം പേജുകള്‍ നിരീക്ഷണത്തിലാണ്. ഇവയുടെ വിവരങ്ങളും പോലീസ് തേടിയിരുന്നു. പരമാവധി സൈബര്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം കെ.എം. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് കൈമാറും.
അധിക്ഷേപ പരാമര്‍ശമുള്ള പോസ്റ്റും വീഡിയോയും ഇട്ടത് ഈ ഫോണുകളില്‍ നിന്നുതന്നെയാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പോസ്റ്റുകളില്‍ കമന്റിട്ടവരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.