പോലീസ് ചമഞ്ഞു പണം തട്ടല്‍ : ജില്ലയിൽ രണ്ടുപേർ അറസ്റ്റിൽ
1594148
Wednesday, September 24, 2025 4:40 AM IST
കൊച്ചി/മട്ടാഞ്ചേരി: പോലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെന്ന കേസുകളിൽ ജില്ലയിൽ രണ്ടുപേർ അറസ്റ്റിൽ. വിദേശത്ത് ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ വാഗമണ്ണിൽ നിന്നും ഫോർട്ട് കൊച്ചി പോലീസും പോലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നഗരത്തിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ പ്രതിയെ എറണാകുളം നോർത്ത് പോലീസുമാണ് പിടികൂടിയത്.
വിദേശജോലി വാഗ്ദാനം നല്കി പണം കൈപ്പറ്റി വാഗമണ്ണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന പുതുവൈപ്പ് കുരിശുപറമ്പില്‍ ആന്റണി സിജിനെയാണ് (31) സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പിടികൂടിയത്. തോപ്പുംപടി മുണ്ടംവേലി സ്വദേശിയില്‍ നിന്നാണ് യുകെയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണയായി 52,810 രൂപ തട്ടിയെടുത്തത്.
പ്രതി സമാന രീതിയില്‍ മുളവുകാട്, പള്ളുരുത്തി എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥരോടൊപ്പമുള്ള ഫോട്ടോകളും സെല്‍ഫികളും കാണിച്ചാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജിയുടെ നിര്‍ദേശ പ്രകാരം മട്ടാഞ്ചേരി അസി. കമ്മീഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് ഇൻസ്പെക്ടര്‍ എം .എസ്. ഫൈസല്‍, എസ് ഐ എസ്. നവീന്‍, എസ്സിപിഒ മാരായ സൂരേഷ്, മഹേഷ്, ടി.പി . ശ്രീജിത്ത്, സിപിഒ മാരായ രാജേഷ്, പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓണാഘോഷത്തോടനുബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരിപാടി നടത്തന്നതിന് വേണ്ടിയെന്ന് പറഞ്ഞ് നഗരത്തിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പണം അപഹരിച്ച കോട്ടയം പൂഞ്ഞാര്‍ മണിയംകുന്ന് കിടങ്ങത്ത് കാരോട്ട് സിജോയാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. സ്ഥാപനമുടമയായ സ്ത്രീയോട് 20000 രൂപയാണ് ആവശ്യപ്പെട്ടത്. 11000 രൂപ പരാതിക്കാരി നല്കി. എന്നാല്‍ ഇയാള്‍ ഈ പണം പോരായെന്നും മുഴുവന്‍ പണവും കിട്ടണമെന്നും അതുവരെ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് പരാതിക്കാരി രണ്ടാഴ്ചയോളം സ്ഥാപനം അടച്ചിട്ടു. പിന്നീട് സെൻട്രൽ അസി. കമ്മീഷണര്‍ക്ക് പരാതി നല്കി.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുളളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. പ്രതിക്കെതിരെ തൃശൂര്‍, ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ ജില്ലകളില്‍ നിരവധി കേസുകളുണ്ട്. ഇയാള്‍ പോലീസ് വേഷത്തില്‍ പല തട്ടിപ്പുകളും നടത്തിയിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങള്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ സിബി ടോമിന്റെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ നോര്‍ത്ത് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ഐന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.