സ്നേഹവീട് പദ്ധതി: ഒരേ ദിവസം അഞ്ച് വീടുകൾക്ക് തറക്കല്ലിട്ടു
1594032
Tuesday, September 23, 2025 6:45 AM IST
ആലങ്ങാട്: കളമശേരി മണ്ഡലത്തിൽ മന്ത്രി പി.രാജീവ് നടപ്പിലാക്കി വരുന്ന സ്നേഹവീട് ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകൾക്ക് ഒരേ ദിവസം തറക്കല്ലിട്ടു. 22-ാമത്തെ വീടിന്റെ നിർമാണമാണ് ഞായറാഴ്ച തുടങ്ങിയത്. കുടുംബ നാഥ വിധവകളായവരുൾപ്പെടെ 30 കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിന് മന്ത്രി പി. രാജീവ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്.
കളമശേരി ശാന്തിഗിരി സഹൃദയ നഗറിൽ മേരി ഫ്രാൻസിസ്, കടുങ്ങല്ലൂർ ഏലൂക്കര ലക്ഷംവീട് നഗർ കരോട്ട് മാമ്പായിൽ ഹമീദ്, കരുമാലൂർ ചെട്ടിക്കാട് ചേറ്റുവിത പറമ്പിൽ ലീല, കുന്നുകര കുത്തിയതോട് താനാട്ടുവീട്ടിൽ ഗീതാ സുബ്രൻ, ആലങ്ങാട് കൊടുവഴങ്ങ മുല്ലൂർ വീട്ടിൽ നീതു വിൻസന്റ് എന്നിവർക്ക് വേണ്ടി നിർമിക്കുന്ന വീടുകൾക്കാണ് തറക്കല്ലിട്ടത്.
ആദ്യഘട്ടമായി 30 വീടുകളാണ് നിർമിക്കുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് എട്ട് ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമാണം. 500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്.
ഇതിനകം ഒൻപത് വീടുകളുടെ താക്കോൽ കൈമാറി. അഞ്ച് വീടുകളുടെ നിർമാണം പൂർത്തിയാക്കി. മൂന്ന് വീടുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇതിനു പുറമേയുള്ള അഞ്ച് വീടുകളുടെ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്.