അമലാപുരത്ത് പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേത്
1594041
Tuesday, September 23, 2025 6:46 AM IST
അയ്യന്പുഴ: അമലാപുരത്ത് പാറമടയിൽ കണ്ടെത്തിയ മൃതദേഹം 18നും 30നുമിടയിൽ പ്രായമുള്ള യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനയിലാണ് യുവാവിന്റേതെന്ന് സ്ഥിരീകരിച്ചത്. ഉയരം ഏകദേശം 162 സെന്റീമീറ്ററാണ്. ശരീരത്തിലെ എല്ലുകള്‍ക്ക് പൊട്ടലുകളില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വെള്ളം നിറഞ്ഞ പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തിൽ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഇട്ട ഇരു കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
വൈകുന്നേരം നാലോയോടെ പാറമടയില്‍ ചൂണ്ടയിടാന്‍ എത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗം മീനുകള്‍ കൊത്തി വേര്‍പെടുത്തിയതാകാമെന്നും ഇങ്ങനെയായിരിക്കാം മൃതദേഹം വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നത് എന്നുമാണ് പ്രാഥമിക നിഗമനം.
70 മീറ്ററിലധികം ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റര്‍ അകലെ വരെ മാത്രമേ വാഹനങ്ങള്‍ എത്തുകയുള്ളൂ. പാറമടയുടെ സമീപ പ്രദേശങ്ങള്‍ കാടുപിടിച്ച് കിടക്കുന്നതും ആള് സഞ്ചാരമില്ലാത്ത പ്രദേശവുമാണ്. കാണാതായവരെ കുറിച്ചുള്ള കേസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.