ഫോർട്ടുകൊച്ചി തീരം ശുചീകരിച്ച് കുസാറ്റ് വിദ്യാർഥികൾ
1594036
Tuesday, September 23, 2025 6:46 AM IST
കളമശേരി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുമ്പന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി ബീച്ച് ശുചീകരിച്ചു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എൻസിസിആർ) സഹകരണത്തോടെ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ എച്ച്സിഎൽ ടെക്ക്, കുസാറ്റ് എൻഎസ്എസ് യൂണിറ്റ്, തേവര സേക്രഡ് ഹാർട്ട് കോളജ് എൻഎസ്എസ് യൂണിറ്റ്, സെന്റ് ആൽബർട്ട് കോളജ്, മാലിയങ്കര എസ്എൻഎം കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.
ഒരു ടണ്ണിലേറെ വരുന്ന മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച ശേഷം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പ്ലാനറ്റ് എർത്ത് എന്ന സംഘടനയ്ക്ക് കൈമാറി. രാവിലെ ഏഴു മുതൽ 10 വരെ നീണ്ടുനിന്ന ശുചീകരണ പ്രവർത്തനം വാർഡ് കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഫ് മറൈൻ സയൻസ് ഡയറക്ടർ ഡോ. കെ സതീശൻ അധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു. അരുൺ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.