വികസന സദസ് : പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ മരട് നഗരസഭ
1594035
Tuesday, September 23, 2025 6:45 AM IST
മരട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വികസന സദസ് പരിപാടിയോട് മരട് നഗരസഭ സഹകരിക്കില്ലെന്ന് ഭരണസമിതി വ്യക്തമാക്കി.
തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. വികസന സദസ് പോലെ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കാളികളാകുന്നത് ജനപ്രതിനിധികളുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും വ്യക്തമാക്കിയ യുഡിഎഫ് ഭരണസമിതി , സംസ്ഥാന സർക്കാരിന്റെ ധൂർത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള നിലപാടാണ്യോഗത്തിൽ കൈക്കൊണ്ടത്.
കൗൺസിൽ യോഗത്തിൽ ഹാജരായ അഞ്ച് സിപിഎം അംഗങ്ങൾ ഭരണസമിതി തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാലു ലക്ഷം രൂപ ചെലവാക്കി വികസന സദസ്സ് നടത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്.
തുടർച്ചയായി സർക്കാർ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധ്യതയായി മാറുമെന്ന് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.