സംഘാടക സമിതി രൂപീകരിച്ചു
1594029
Tuesday, September 23, 2025 6:45 AM IST
അങ്കമാലി: എഎസ്എ (അങ്കമാലി സ്പോർട്സ് അസോസിയേഷൻ) ഒരുക്കുന്ന പത്താമത് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അങ്കമാലിയുടെ കായിക പരിപോഷണത്തിന് ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയം അത്യാവശ്യമാണെന്ന് ടൂർണമെന്റ് സംഘാടക സമ്മേളനം ചൂണ്ടിക്കട്ടി. അങ്കമാലിയിൽ സ്റ്റേഡിയം പണിയാൻ കോടികളുടെ സഹായം ചെയ്യാൻ സർക്കാരും കെഎസ്വിഎയും തയാറാണെന്ന് കേരള സ്റ്റേറ്റ് വോളിബോൾ പ്രസിഡന്റ് ബിനോയ് ജോസഫ് പറഞ്ഞു.
അങ്കമാലി രുക്മിണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ടൂർണമെന്റ് സംഘാടക സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എഎസ്എ പ്രസിഡന്റും മുൻ എംഎൽഎയുമായ പി.ജെ. ജോയി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ഷിയോ പോൾ, കെ.കെ. ഷിബു, ഡേവിസ് പാത്താടൻ ജോണി കുരിയാക്കോസ്, ജെയ്സൺ പാനികുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.
251 പേരുടെ വിപുലമായ സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. സംഘാടകസമിതി ചെയർമാനായി മുൻ എംഎൽഎ പി.ജെ. ജോയിയെയും ജനറൽ കൺവീനറായി ജെയ്സൺ പാനികുളങ്ങരയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡേവിസ് പാത്താടൻ (സെക്രട്ടറി), ഡാന്റി കാച്ചപ്പിള്ളി (ട്രഷറർ), വർഗീസ് ജോർജ്, (വൈസ് പ്രസിഡന്റ്), നിക്സൺ മാവേലി (ജോയിന്റ് സെക്രട്ടറി). 2026 ഫെബ്രുവരി ഒന്ന് മുതൽ എട്ട് വരെ നടക്കുന്ന പുരുഷ, വനിത മത്സരങ്ങളിൽ ഇന്ത്യയിലെ ഒന്നാം നിര ടീമുകൾ പങ്കെടുക്കും.