വിദ്യാർഥികൾക്ക് ഒപ്പം കളമശേരി; 41 സ്കൂളുകളിൽ ആർഒ പ്ലാന്റുകൾ സജ്ജം
1594034
Tuesday, September 23, 2025 6:45 AM IST
നെടുമ്പാശേരി: കളമശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഇനി മുതൽ കലർപ്പില്ലാത്ത ശുദ്ധമായ കുടിവെള്ളം ലഭിക്കും. മണ്ഡലത്തിലെ 41 സ്കൂളുകളിലും റിവേഴ്സ് ഓസ്മോസിസ് (ആർഒ) പ്ലാന്റുകൾ സ്ഥാപിച്ചു. എല്ലാ സ്കൂളുകളിലും കലർപ്പില്ലാത്ത കുടിവെള്ളം ഉറപ്പാക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യ മണ്ഡലമായി ഇതോടെ കളമശേരി മാറി. ശുദ്ധജലം ലഭ്യമാക്കുന്നതിനായി എല്ലാ സ്കൂളുകളിലും റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് ശുദ്ധജല ലഭ്യത ഉറപ്പാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം അയിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽ മന്ത്രി പി.രാജീവ് നിർവഹിച്ചു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി മുഖ്യാതിഥിയായി. അയിരൂർ സെന്റ് തോമസ് സ്കൂളിന് പുതിയ ബാസ്കറ്റ് ബോൾ കളിക്കളം നിർമിച്ചു നൽകുമെന്ന് മന്ത്രി പറഞ്ഞു.
കളമശേരി മണ്ഡലത്തിലെ 41 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മൂന്നു കോടി ചെലവഴിച്ചാണ് ആർഒ പ്ലാന്റുകൾ സ്ഥാപിച്ചത്. ഒരു പ്ലാന്റ് സ്ഥാപിക്കാൻ 7.16 ലക്ഷം രൂപ ചെലവഴിച്ചു. 500 ലിറ്റർ ശേഷിയുള്ള ടാങ്കുകളാണ് ഓരോ സ്കൂളിലും സ്ഥാപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവള കമ്പനിയുടെ പിന്തുണയോടെയാണ് ജലധാര എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നത്. ഏതാനും സ്കൂളുകളിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽ വന്നതിനെത്തുടർന്നാണ് ശുദ്ധജലം ഉറപ്പാക്കാൻ പദ്ധതി ആലോചിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ടി.വി. പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു.