ചോറ്റാനിക്കര ക്ഷേത്ര പരിസരം മലിനമായതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം
1594025
Tuesday, September 23, 2025 6:45 AM IST
കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്ര പരിസരം മലീമസമായതില് ദേവസ്വം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി . കോടതി സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
കൊച്ചിന് ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ചോറ്റാനിക്കര ദേവസ്വം അസി. എന്‍ജിനിയര്‍ എന്നിവര്‍ നാളെ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവരെയും സംസ്ഥാന ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറെയും കക്ഷിചേര്‍ക്കുകയും ചെയ്തു.
ക്ഷേത്രപരിപാലനത്തിലും ശുചീകരണത്തിലും ഗുരുതരമായ വീഴ്ചകള്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അടുക്കളയിലടക്കം അഴുക്കും മാലിന്യവും കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളും പരിശോധിച്ചു. ശുചീകരണ വീഴ്ചയിൽ വിജിലന്‍സ് വിഭാഗം കണ്ണടയ്ക്കുന്നത് സംശയകരമാണെന്ന് വിലയിരുത്തുകയും ചെയ്തു.
നവകേരളം കര്‍മപദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ മാര്‍ച്ച് 11ന് അയച്ച കത്തിലെ മിക്ക നിര്‍ദേശങ്ങളും ചോറ്റാനിക്കര ദേവസ്വം പാലിച്ചിട്ടില്ലെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.