ഭൂതത്താൻകെട്ടിൽ ജുഡീഷൽ കമ്മീഷന്റെ തെളിവെടുപ്പ്
1594143
Wednesday, September 24, 2025 4:40 AM IST
കോതമംഗലം: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ. മോഹനൻ ജുഡീഷൽ കമ്മീഷൻ ഭൂതത്താൻകെട്ടിൽ തെളിവെടുപ്പും ഹിയറിംഗും നടത്തി. കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പിന്റെ ഭാഗമായാണ് ഭൂതത്താൻകെട്ടിലും എത്തിയത്.
ജലാശയങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന നടത്താൻ കനാൽ ഓഫീസർമാരുടെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക, ഭൂതത്താൻകെട്ടിൽ ആറുമാസമെങ്കിലും ബോട്ടിംഗ് നടത്താൻ സാഹചര്യമൊരുക്കുക, മലിനീകരണ സാധ്യത ഒഴിവാക്കാൻ സോളാർ ബോട്ടുകൾ ഉപയോഗിക്കുക എന്നിങ്ങനെ നിരവധി നിർദേശങ്ങൾ തെളിവെടുപ്പിൽ ഉയർന്നുവന്നു. രജിസ്റ്റർ ചെയ്ത 16 പേരിൽ 12 പേർ ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ഭൂതത്താൻകെട്ട് ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന തെളിവെടുപ്പിൽ കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബിൽഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രഫ. ഡോ. കെ.പി. നാരായണൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ,
കമ്മീഷൻ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, കമ്മീഷൻ അഭിഭാഷകൻ അഡ്വ. ടി.പി. രമേശ്, നോഡൽ ഓഫീസറും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുമായ ലിജോ ജോസഫ്, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ബോട്ട് ജീവനക്കാർ, ഉടമകൾ എന്നിവർ പങ്കെടുത്തു. ജില്ലയിലെ തെളിവെടുപ്പ് ഇതോടുകൂടി പൂർത്തിയായി.
ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പരിഹാര മാർഗങ്ങൾ ശിപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഹ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു തെളിവെടുപ്പ്.