എം.കെ. അര്ജുനന് മാസ്റ്റര്‍ കള്‍ച്ചറല്‍ സെന്റർ നവീകരണം: നിർമാണോദ്ഘാടനം നടത്തി
1594125
Wednesday, September 24, 2025 4:11 AM IST
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് എം.കെ. അര്ജുനന് മാസ്റ്ററുടെ പേരില്‍ പള്ളുരുത്തിയില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്ന കള്‍ച്ചറല്‍ സെന്റര്‍ കം സ്പോര്‍ട്സ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം കെ.ജെ. മാക്സി എംഎല്‍എ നിര്‍വഹിച്ചു.
ഗ്രീന്‍ റൂം ഉള്‍പ്പെടെയുള്ള നിലവിലെ കെട്ടിടത്തിന്റെ ശേഷി വര്‍ധിപ്പിക്കും. സന്ദര്‍ശകര്‍ക്കുള്ള സൗകര്യാനുസരണം ആധുനിക ടോയ്ലറ്റ് സംവിധാനം നിര്‍മിക്കും. നിര്‍മാണങ്ങളെല്ലാം ഭിന്നശേഷി സൗഹൃദപരമായിരിക്കും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വ്യായാമം ചെയ്യുന്നതിനായി ഗ്രൗണ്ടിന് ചുറ്റും വാക് വേ നിര്‍മിക്കും.
വിശ്രമിക്കുന്നതിനും സമയം ചിലവിടുന്നതിനുമായി കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. ഓപ്പണ്‍ ജിം, ആംഫി തീയറ്റര്‍, കുട്ടികള്‍ക്കായി കളിയിടം, സെക്യൂരിറ്റി ക്യാബിന്, ഫീഡിംഗ് റൂം എന്നിവയും ഉണ്ടാകും.
ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നവീകരിച്ച് ആകര്‍ഷകമാക്കും. ഹൈ മാസ്റ്റ് ലൈറ്റ്, കൂടുതല്‍ ബൊള്ളാര്‍ഡ് ലൈറ്റുകള്‍, ലാമ്പ് പോസ്റ്റുകള്‍ എന്നിവ സ്ഥാപിക്കും. ഗ്രൗണ്ടിന് ചുറ്റും ലാന്‍ഡ് സ്കെപ്പിംഗ് നടത്തി കൂടുതല്‍ സുന്ദരമാക്കും. പള്ളുരുത്തിയില്‍ 1.59 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന എം.കെ. അര്ജുനന് മാസ്റ്റര്‍ ഗ്രൗണ്ടിലാണ് പരമ്പരാഗത കലകളെ പരിപോഷിപ്പിക്കുന്നതിനായി സാംസ്കാരികകേന്ദ്രം ആരംഭിക്കുന്നത്. ഇവിടെ സ്റ്റേജ് ഉള്‍പ്പെടെ പുതുതായി നിര്‍മിക്കും.
പുതുതലമുറയ്ക്ക് സാംസ്കാരിക പൈതൃകത്തെ കുറിച്ചുള്ള അറിവുകള്‍ നല്‍കുന്നതിനും മികവ് സൃഷ്ടിക്കുന്നതിനുമായി ശില്പശാലകള്, സംഗീതസദസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യപ്രദമായ പൊതുയിടങ്ങള്‍ ഒരുക്കുക എന്നതാണ് കള്‍ച്ചറല്‍ സെന്റര്‍ നവീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പറഞ്ഞു.
മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷരായ സി.എ. ഷക്കീര്‍, സി.ഡി. വല്‍സലകുമാരി, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ സി.ആര്. സുധീര്‍, ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ജിസിഡിഎ സെക്രട്ടറി എം.വി. ഷാരി, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എസ്. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്ന് 3.88 കോടി ചിലവഴിച്ച് കൊച്ചി നഗരസഭ ജിസിഡിഎ യും സിഎസ്എംഎല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്‍പത് മാസം കൊണ്ട് പദ്ധത പൂര്‍ത്തീകരിക്കും.