ലഹരിക്കേസുകളില്‍ വന്‍ വര്‍ധന
1594040
Tuesday, September 23, 2025 6:46 AM IST
കൊച്ചി: സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളുടെ ( നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധന. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ (ഓഗസ്റ്റ് 31 വരെ) രജിസ്റ്റര്‍ ചെയ്തത് 8,622 എന്‍ഡിപിഎസ് കേസുകളാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിക്കേസുകളാണ് ഏറെയും.
2024 ൽ രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 8,160 ആണ്. 2023 ല്‍ 8,104 എന്‍ഡിപിഎസ് കേസുകളും 2022 ല്‍ 6,116 കേസുകളും 2021 ല്‍ 3,922 കേസുകളും 2020 ല്‍ 3,667 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
കഴിഞ്ഞ എട്ടു മാസത്തിനിടെ എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരുടെ 8,505 ആണ്. ഇതില്‍ 4,580 പേര് ശിക്ഷിക്കപ്പെട്ടു. 262 പേരെ വെറുതെവിട്ടു. 2024 ല്‍ 7,946 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കാലയളവില്‍ 4,269 പേര് ശിക്ഷിക്കപ്പെടുകയും 36 പേരെ വെറുതെ വിടുകയുമുണ്ടായി. 2023 ല്‍ 8,060 പേരെയും 2022 ല്‍ 6,031 പേരെയും 2021 ല്‍ 3,016 പേരെയും 2020 ല്‍ 3,791 പേരെയും എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.
2023 ല്‍ 5,228 പേരാണ് നിയമനടപടി നേരിട്ടത്. 2022 ല്‍ 4,022 പേരും 2021 ല്‍ 2,632 പേരും 2020 ല്‍ 2,495 പേരുമാണ് ശിക്ഷിക്കപ്പെട്ടത്. 2023 ല്‍ കേസില്‍ വെറുതെവിട്ടത് 53 പേരെയാണ്. 2022 ല്‍ 67 പേരെയും 2021 ല്‍ 38 പേരെയും 2020 ല്‍ 57 പേരെയും വെറുതെ വിടുകയുണ്ടായി.
സീമ മോഹന്‍ലാല്‍