സമഗ്ര ആരോഗ്യ സുരക്ഷ കാമ്പയിന് ആരംഭിച്ചു
1594602
Thursday, September 25, 2025 5:04 AM IST
മൂവാറ്റുപുഴ : കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും, കേരള സ്റ്റേറ്റ് എന്‍എസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷ കാമ്പയിന് പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. യുവജനങ്ങളില്‍ ലഹരി ഉപയോഗവും എയ്ഡ്സും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ നാടന്‍ കലാരൂപങ്ങളിലൂടെ കലാകാരന്മാരെ അണിനിരത്തി യുവജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഐഇസി വാന്‍ കാമ്പയിന്റെ ഭാഗമായി അന്തര്‍ദേശീയ യുവജന ദിനത്തില്‍ തിരുവനന്തുരത്തുനിന്ന് ആരംഭിച്ച കെഎസ്ആര്‍റ്റിസിയുടെ ബോധവല്കരണ വാഹനത്തിന് ജില്ലയില്‍ സ്വീകരണം നല്കി. പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് പായിപ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നെജി ഷാനവാസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിദ്യാര്‍ഥികളില്‍ സമഗ്ര ആരോഗ്യ ബോധവല്‍ക്കരണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയത്തിപ്പിടിച്ച് പത്തനംതിട്ട മുദ്ര സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആട്സ് കാക്കാരശി നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും ലഹരി വിരുദ്ധ ബോധവല്കരണ നൃത്ത ശില്പവും അവതരിപ്പിച്ചു.
പിടിഎ പ്രസിഡന്റ് ഫൈസല്‍ മുണ്ടക്കാമറ്റം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യുവജാഗരണ്‍ ജില്ല നോഡല്‍ ഓഫീസര്‍ പ്രഫ. സിജോ ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.ബി. സന്തോഷ്, എസ്എംസി ചെയര്മാന് കെ.എന്‍. നാസര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ധനൂജ്, അധ്യാപകരായ പയസ് ഫിലിപ്പ്, ഡോ. ഒ.പി. അലി, ബിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അഞ്ച് ദിവസങ്ങളിലായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വാഹനം കടന്നു പോകുകയും ബോധവല്കരണ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. കാക്കാരശി നാടകം, പാവനാടകം, കഥാപ്രസംഗം എന്നീ കലാരൂപങ്ങളിലൂടെയാണ് ബോധവത്കരണം നടത്തുന്നത്.