മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള വഴിയടച്ച സംഭവം : വീണ്ടും പോലീസ് സഹായം തേടി ആലുവ നഗരസഭ
1594583
Thursday, September 25, 2025 4:38 AM IST
ആലുവ: പാലസ് റോഡിൽ പെരിയാർ തീരത്ത് പ്രവർത്തിക്കുന്ന ആലുവ നഗരസഭയുടെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പോകാനുള്ള വഴി അടച്ചിട്ടത് തുറന്നുതരണം എന്നാവശ്യപ്പെട്ട് ആലുവ നഗരസഭ പോലീസിൽ വീണ്ടും പരാതി നൽകി.
സമീപത്തെ അദ്വൈതാശ്രമം മാനേജ്മെന്റുമായി തർക്കത്തെ തുടർന്ന് കഴിഞ്ഞ 14ന് ഇവിടെ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിരുന്നു. അദ്വൈതാശ്രമത്തിലും പരിസരത്തും ചതയദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടികൾ നഗരസഭാ ഉദ്യോഗസ്ഥർ നീക്കം ചെയ്തെന്നാരോപിച്ചാണ് ഇരുവരും തമ്മിൽ ഉടക്കിയത്. തുടർന്നാണ് നഗരസഭയുടെ പ്ലാന്റിലേക്കുള്ള വഴി അദ്വൈതാശ്രമം അധികൃതർ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്.
അദ്വൈതാശ്രമം നേരത്തെ സൗജന്യമായി നൽകിയ സ്ഥലത്താണ് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും അതിലേക്കുള്ള വഴിയും സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ സ്ഥലത്തിന്റെ കരമടയ്ക്കുന്നത് ഇപ്പോഴും തങ്ങളാണെന്ന് അദ്വൈതാശ്രമം അധികൃതർ അവകാശപ്പെടുന്നു. പ്ലാന്റ് അറ്റകുറ്റപ്പണി നടത്താനായി എത്തുന്ന ജീവനക്കാർക്ക് പ്രവേശിക്കാൻ സഹായിക്കണമെന്നാണ് പോലീസിനോട് ആലുവ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 17ന് ഇതേ പരാതി ആലുവ നഗരസഭ നൽകിയിരുന്നു. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാന്റിന്റെ അറ്റകുറ്റപ്പണി തീർക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം. അതിനാൽ തന്നെ അടിയന്തിരമായി പ്ലാന്റിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കാൻ ഇടപെടണമെന്നാണ് പോലീസിനോട് നഗരസഭ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.