പിറവം വള്ളംകളി ഒക്ടോബർ നാലിന്; വിപുലമായ ഒരുക്കം
1594607
Thursday, September 25, 2025 5:04 AM IST
പിറവം: മൂവാറ്റുപുഴയാറ്റിലെ ഒഴുക്കിനെതിരേയുള്ള പിറവം വള്ളംകളിക്ക് ഒരുക്കങ്ങളായി. ഒക്ടോബര്‍ നാലിന് നടക്കുന്ന വള്ളംകളി ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ടൂറിസം വകുപ്പ് ഐപിഎല്‍ -ക്രിക്കറ്റ് ലീഗ് മത്സരങ്ങളുടെ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിച്ചതാണ് പിറവത്തിനു നേട്ടമായി വള്ളംകളി എത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി 1952 ല്‍ ചുരുങ്ങിയ നിലയില്‍ ആരംഭിച്ചതാണ് പിറവത്തെ വള്ളംകളി.
നഗരസഭയുടെ ഓണോത്സവത്തിന് സമാപനം കുറിച്ച് വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പിറവം പാലത്തിന് സമീപമാണ് വള്ളംകളി നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാര വികസനം മുന്നില്‍കണ്ട് നടപ്പാക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ നാലാമത്തെ മത്സരമാണ് പിറവത്ത് നടക്കുക. ജലോത്സവ മത്സരത്തിനായി ഒമ്പത് ചുണ്ടന് വള്ളങ്ങള്‍ എത്തുന്നുണ്ട്. കൂടാതെ ഓടി വള്ളങ്ങളുടെ പ്രാദേശിക മത്സരവും നടക്കും.
മുന്‍ മന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരന്, ടി.എം. ജേക്കബ് എന്നിവരുടെയും, പിറവം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉമാദേവി അന്തര്‍ജനത്തിന്റെയും സ്മരണക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയും കാഷ് അവാര്‍ഡുമാണ് ജേതാക്കള്‍ക്ക് വിതരണം ചെയ്യുന്നത്.
പിറവം കൊള്ളിക്കല്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഇന്സ്പെക്ഷന് ബംഗ്ലാവില്‍ നടന്ന സംഘടക സമിതി യോഗം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി നഗരസഭ ചെയര്‍പേഴ്സണ്‍ ജൂലി സാബു, റേസ് കമ്മിറ്റി ചെയര്‍മാനായി നഗരസഭാ വൈസ് ചെയര്മാന് കെ.പി. സലിം, റിസപ്ഷന് കമ്മിറ്റി ചെയര്മാന് ഡോ. അജേഷ് മനോഹര്‍, രജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന് ജില്‍സ് പെരിയപ്പുറം തുടങ്ങിയവരെ തെരഞ്ഞെടുത്തു.