കെട്ടിട നന്പർ ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ; അദാലത്ത് ഏഴിന്
1594600
Thursday, September 25, 2025 5:04 AM IST
കൂത്താട്ടുകുളം : കെട്ടിടനമ്പർ ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം വലയുന്ന വ്യാപാരികൾക്കും കെട്ടിട ഉടമസ്ഥർക്കുമായി കൂത്താട്ടുകുളം നഗരസഭ അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് നഗരസഭ ടൗൺഹാളിൽ അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷകൾ രേഖകൾ സഹിതം 30 നകം നഗരസഭാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകൾക്ക് ടോക്കൺ നൽകി മുൻഗണനാ ക്രമത്തിലാകും വിളിക്കുക.
വിസ്തീർണം കൂട്ടി എടുത്തതിനും മുനിസിപ്പാലിറ്റിയുടെ അസസ്മെന്റ് രജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തിയ വിസ്തീർണം മൂലവും, മറ്റു നിരവധി സാങ്കേതിക കാരണങ്ങൾ കൊണ്ടും 700 ൽപരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കാനോ പുതിയ ലൈസൻസ് എടുക്കാനോ കഴിഞ്ഞിട്ടില്ല. ഇതുമൂലം നൂറുകണക്കിന് കച്ചവടക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, നികുതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനായി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.ജി. സുനിൽ കുമാർ അധ്യക്ഷനായി ഒരു സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. കടകളും വ്യാപാര കെട്ടിടങ്ങളും കൂടാതെ പല വീടുകൾക്കും വിവിധങ്ങളായ സാഹചര്യങ്ങളിൽ നമ്പരുകൾ ലഭ്യമല്ലാതെ വന്നിട്ടുണ്ട്.
കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട ഉടമകളുമായി വിഷയം ചർച്ച ചെയ്യുകയും യോഗം ചേരുകയും ചെയ്തു. കൗൺസിൽ സബ് കമ്മിറ്റി തീരുമാനം അംഗീകരിച്ചു.