ചെങ്ങമനാട് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച പണം കവർന്നു
1594580
Thursday, September 25, 2025 4:38 AM IST
നെടുമ്പാശേരി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ചെങ്ങമനാട് പുതുവാശേരി കപ്പേളക്ക് സമീപം പള്ളിപ്പറമ്പിൽ ബിനുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 73,500 രൂപയാണ് മോഷണം പോയത്. ബിനുവും കുടുംബവും പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം.
ബിനുവും ഭാര്യയും ഹൈസ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളും ഒരു കിലോമീറ്ററോളം മാത്രം അകലത്തുള്ള പള്ളിയിലാണ് പോയത്. മടങ്ങി വന്ന ശേഷം ഭാര്യ ചിട്ടിയിൽ അടയ്ക്കാൻ പണം എടുക്കാൻ നോക്കിയപ്പോഴാണ് ബാഗിൽനിന്ന് പണം നഷ്ടമായ വിവരം അറിയുന്നത്. പള്ളിയിൽ പോയപ്പോൾ വാതിൽ പൂട്ടി പതിവുപോലെ താക്കോൽ ചവിട്ടിക്കു താഴെയാണ് സൂക്ഷിച്ചിരുന്നത്. വാതിലിന്റെ താക്കോലും അലമാരയുടെ താക്കോലും ബാഗും യഥാസ്ഥാനത്തുണ്ടായിരുന്നുവെന്നും പറയുന്നു. താഴ് തകർത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.
കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നെടുത്ത 75,000 രൂപയുടെ 500 ന്റെ കെട്ടിൽ നിന്ന് പള്ളിയിൽ പോയപ്പോൾ 1500 രൂപ എടുത്തിരുന്നു. ബാക്കി തുക ബാഗിൽ സൂക്ഷിച്ച ശേഷമാണ് പള്ളിയിൽ പോയതെന്നാണ് ബിനു പറയുന്നത്. ചെങ്ങമനാട് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.