നഗരസഭയിലെ കൈക്കൂലി; കോൺഗ്രസ് പ്രവർത്തകർ സോണൽ ഓഫീസ് ഉപരോധിച്ചു
1594594
Thursday, September 25, 2025 4:49 AM IST
പള്ളുരുത്തി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ പള്ളുരുത്തി സോണൽ റവന്യു വിഭാഗം ക്ലർക്ക് പണവുമായി വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിലേക്ക് ഉപരോധ സമരവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം.
സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ നഗരസഭ ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ഉപരോധത്തിനിടെ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇതിനിടയിൽ കൗൺസിലർ അഭിലാഷ് തോപ്പിൽ, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, ഡിസിസി സെക്രട്ടറി എൻ.ആർ.ശ്രീകുമാർ, ബ്ലോക്ക് പ്രസിഡന്റ് പി.പി.ജേക്കബ്, ഷിജു ചിറ്റേപ്പള്ളി അടക്കമുള്ള ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പോലീസുമായുള്ള പിടിവലിയിൽ ന്യൂനപക്ഷസെൽ ജില്ലാ സെക്രട്ടറി ടി.എ.സിയാദ് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.