കോതമംഗലം ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയേറും
1594596
Thursday, September 25, 2025 4:49 AM IST
കോതമംഗലം: തീർഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 340-ാം ഓർമപെരുന്നാളിന് (കന്നി - 20) ഇന്ന് കൊടിയേറും. രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7.15 ന് അഞ്ചിന്മേൽ കുർബാന - ഏലിയാസ് മാർ യൂലിയോസ് മെത്രാ പ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
എൽദോ ബാവയുടെ പാദസ് സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടിയിലെ മാർ ബസേലിയോസ് ചാപ്പലിൽനിന്നും വൈകുന്നേരം നാലിന് പ്രദക്ഷണം പള്ളിയിലേക്ക്. പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയുയർത്തും.
തുടർന്ന് കരിങ്ങാച്ചിറ പള്ളിയിൽനിന്നും പ്രത്യേകം തയാറാക്കിക്കൊണ്ടുവരുന്ന തമുക്ക് നേർച്ച വിശ്വാസികൾക്ക് നൽകും. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം.
പെരുന്നാൾ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്
കോതമംഗലം: മാര്‍ തോമാ ചെറിയപള്ളിയിലെ കന്നി - 20 പെരുന്നാൾ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. പെരുന്നാളിന്റെ മുന്നൊരുക്കങ്ങള്‍ക്കായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം ഉണ്ടാകും.
ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ട്രാഫിക് സംവിധാനം ക്രമീകരിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കൂടുതല്‍ പോലിസിനെ വിന്യസിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും. വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ ഭക്തജനങ്ങളുടെ സുരക്ഷക്കായി വനപാലകരും ആര്‍ആര്‍ടിയും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.
കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസ് നടത്താനും തീരുമാനിച്ചു. പെരുന്നാള്‍ ദിവസങ്ങളില്‍ കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും കുറ്റമറ്റതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ചെറിയപള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി, തഹസില്‍ദാര്‍ എം. അനില്‍കുമാര്‍, ഡിവൈഎസ്പി പി.എം. ബൈജു,
ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ സലിം ചെറിയാന്, ബിനോയി തോമസ്, ഡോ. റോയി എം. ജോര്‍ജ്, ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.