ഇരട്ട സെഞ്ച്വറിയിൽ സോളി സ്പർശം
1594577
Thursday, September 25, 2025 4:22 AM IST
വൈപ്പിൻ: ജീവൻ നിലനിർത്താൻ സ്വാഭാവിക ശ്വസനത്തിലൂടെ ആവശ്യമായ പ്രാണവായു കിട്ടാത്ത ശ്വാസകോശ രോഗികൾക്കും മറ്റും സൗജന്യമായി പ്രാണവായു എത്തിക്കുന്ന സ്പർശം പദ്ധതിയിൽ 200 ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തതിന്റെ ആത്മനിർവൃതിയിലാണ് പള്ളിപ്പുറത്തെ പൊതുപ്രവർത്തകനായ വി .എസ് . സോളി രാജ്.
കോവിഡ് കാലത്തെ പ്രതിസന്ധിയിൽ കുറച്ച് സഹപ്രവർത്തകരോടൊപ്പമാണ് സോളിരാജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലെ മുരിക്കുംതറ കാർത്തികേയൻ ഭാര്യ ശകുന്തളയ്ക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ചതോടെയാണ് ഡബിൾ സെഞ്ചുറി തികഞ്ഞത്.
പണമുള്ള രോഗികൾക്ക് ഇത്തരത്തിലുള്ള സിലിണ്ടർ വിലയ്ക്ക് വാങ്ങി വീട്ടിൽ സൂക്ഷിച്ച് ഉപയോഗിക്കാം. എന്നാൽ ശകുന്തളയെ പോലുള്ള ദരിദ്രരായ രോഗികൾക്ക് ഇതിനു കഴിയാതെ വരും. വീട്ടിൽ ഉപയോഗിക്കാൻ സർക്കാർ സംവിധാനത്തിൽ നിന്നോ ആശുപത്രികളിൽ നിന്നോ ഓക്സിജൻ സിലിണ്ടർ ലഭ്യമാകില്ല. വിലകൊടുത്തു വാങ്ങാൻ ഇരുപതിനായിരം രൂപയോളം വരും.
വാടകയ്ക്ക് എടുക്കണമെങ്കിൽ 5000 രൂപയോളം ഡിപ്പോസിറ്റും മാസ വാടകയും നൽകണം. ഇവിടെയാണ് സോളിയുടെയും കൂട്ടരുടെയും സ്പർശം സാധാരണക്കാർക്ക് തണലാവുന്നത്. സിലിണ്ടർ തീർന്നു കഴിഞ്ഞാലും ഇവർ തന്നെ തികച്ചും സൗജന്യമായി ഇവ നിറച്ചു നൽകും. ഇങ്ങനെ 35 ഓളം പേർ ജീവിതം തിരികെ പിടിച്ചവർ ഉണ്ടെന്ന് സോളി രാജും കൂട്ടരും പറയുന്നു.
ജാതി മത രാഷ്ട്രീയത്തിനു അതീതമായുള്ള ഈ സത്കർമ്മത്തിൽ പള്ളിപ്പുറം സ്വദേശികളായ രാജേഷ് ചിദംബരൻ, പി. ബി. സുധി, മനു കുഞ്ഞുമോൻ, ശ്രീജിത്ത് സോമൻ, ബിനു രാജ് പരമേശ്വരൻ എന്നിവരാണ് സോളി രാജിനൊപ്പം ഉള്ളത്.