നഗരത്തിൽ ഫുഡ്സ്ട്രീറ്റുമായി ജിസിഡിഎ; ഉദ്ഘാടനം 27ന്
1594573
Thursday, September 25, 2025 4:22 AM IST
കൊച്ചി: പനമ്പിള്ളി നഗറിനടുത്തുള്ള കസ്തൂര്‍ബ നഗറില്‍ ഫുഡ്സ്ട്രീറ്റ് ഒരുക്കി ജിസിഡിഎ. 120 സ്ക്വയര്‍ഫീറ്റ്, 60 സ്ക്വയര്‍ഫീറ്റ് എന്നിങ്ങനെ രണ്ടു വലിപ്പത്തില്‍ 20 ഭക്ഷണശാലകളാണ് ഫുഡ്സ്ട്രീറ്റില്‍ സജീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ്, വാഷ് ഏരിയകള്‍, ടോയ്ലറ്റ് സംവിധാനങ്ങള്‍, ഖരദ്രാവക മാലിന്യ സംസ്കരണ സംവിധാനം, സുരക്ഷാ സംവിധാനങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം, എന്നിവയും ഒരുക്കിയിട്ടുണ്ട്.
കേരളീയ വിഭവങ്ങള്‍, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, കോണ്ടിനന്റല്, മില്ലറ്റ് അധിഷ്ഠിതം, ഫാസ്റ്റ് ഫുഡ്, ഡെസേര്‍ട്ടുകള്‍, പാനീയങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രുചികള്‍ ഇവിടെ ലഭ്യമാകും.
20 കടമുറികളില്‍ എട്ട് എണ്ണം ജനറല്‍ വിഭാഗത്തിനായും ആറെണ്ണം വനിതകള്‍ക്കും പട്ടികജാതി വിഭാഗത്തിന് രണ്ടും പട്ടിക വര്‍ഗം, സമൃദ്ധി അറ്റ് കൊച്ചി, ട്രാന്സ്ജന്ഡര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഓരോന്നും കടമുറികളാണ് സംവരണം ചെയ്തിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേരള സര്‍ക്കാര്‍, ജിസിഡിഎ, എന്‍എച്ച്എം, കൊച്ചി നഗരസഭ, കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കിയത്.
ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് ആറരയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, പി.വി. ശ്രീനിജിന്‍, മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.