വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ഹൈക്കോടതി
1594604
Thursday, September 25, 2025 5:04 AM IST
വാഴക്കുളം: വാഴക്കുളം - ആരക്കുഴ മൂഴി റോഡിൽ കാഞ്ഞിരംകുന്നേൽ കവലയിലെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ഹൈക്കോടതി. കാഞ്ഞിരംകുന്നേൽ അജിമോൻ ജോസ് നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് ഉത്തരവ്. വലിയ മഴ പെയ്താൽ പ്രദേശത്തെ വീടുകളിലുള്ളവർക്ക് റോഡിലേയ്ക്കിറങ്ങാനാകാത്ത വിധം വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്.
പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച് 2023 ൽ കല്ലൂർക്കാട് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർക്ക് പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. ഓട നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നിർമാണം നടന്നില്ല.
വൈദ്യുത പോസ്റ്റുകൾ മാറ്റി സ്വകാര്യ വ്യക്തിയുടെ പുരിയിടത്തിലൂടെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സമ്മതപത്രവും നൽകിയിരുന്നു. എന്നാൽ റോഡു നവീകരണത്തോടനുബന്ധിച്ച് റോഡരികിൽ കോൺക്രീറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇതുമൂലം ഒഴുക്കു തടസപ്പെടുകയും വലിയ മഴ പെയ്യുമ്പോൾ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പതിവായി. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്.