വല്ലാർപാടം തിരുനാൾ സമാപിച്ചു
1594581
Thursday, September 25, 2025 4:38 AM IST
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. ഇന്നലെ രാവിലെ 10ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ഷെല്‍ട്ടണ്‍ വചനസന്ദേശം നല്കി.
പള്ളിവീട്ടില്‍ മീനാക്ഷിയമ്മയുടെ പിന്തലമുറക്കാര് പരമ്പരാഗതമായി ചെയ്തു വരുന്ന മോരു വിതരണത്തിന്റെ ആശീര്‍വാദം ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു. തുടര്‍ന്ന് പാലിയത്ത് വലിയച്ചനായ രാജഗോപാലനച്ചനും പാലിയം ട്രസ്റ്റ് മാനേജര്‍ പാലിയത്ത് വേണുഗോപാലനച്ചനും ചേര്‍ന്ന് അള്‍ത്താരയിലെ കെടാവിളക്കില്‍ എണ്ണ പകര്‍ന്ന് തിരിതെളിച്ചു.
തിരുക്കര്‍മങ്ങള്‍ക്കു ശേഷം ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം. പളളിപ്പറമ്പില്‍ ആന്റണി ഗൊണ്‍സാല്‍വസാണ് ഈ വര്‍ഷത്തെ പ്രസുദേന്തി. ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്,
സഹവികാരിമാരായ ഫാ. ആന്റണി ഷൈന്‍ കാട്ടുപ്പറമ്പില്‍, ഫാ. ജിബു വര്‍ഗീസ് തൈത്തറ, ഫാ. മിക്സണ് റാഫേല്‍ പുത്തന്‍ പറമ്പില്‍ എന്നിവരാണ് തിരുനാളാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.