അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു : കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധം
1594601
Thursday, September 25, 2025 5:04 AM IST
കൂത്താട്ടുകുളം : നഗരസഭ കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയത്തിന് ഭരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
നഗരസഭയിലെ ജനകീയ ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്നത്തെ സിഡിഎസ് അംഗമായിരുന്ന കലാ രാജു ഹോട്ടൽ ആവശ്യങ്ങൾക്കായി വാങ്ങിയ പാത്രങ്ങളും ഫർണിച്ചറുകളും തിരികെ നൽകിയില്ല എന്ന വിഷയത്തിൽ എൽഡിഎഫ് കൗൺസിലർ സുമ വിശ്വംഭരൻ നൽകിയ പ്രമേയ അവതരണത്തിൽ അനുമതി നിഷേധിച്ചതിനെതിരേയാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് കൗൺസിലിയോഗം നിർത്തിവയ്ക്കുകയായിരുന്നു. 2021-ൽ കലാ രാജു ആരംഭിച്ച ജനകീയ ഹോട്ടലിലേക്ക് സർക്കാർ നിർദേശപ്രകാരം മുപ്പതിനായിരം രൂപയുടെ പാത്രങ്ങളും ഫർണിച്ചറുകളും നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ വാങ്ങി നൽകിയെന്നും.
ഒരു വർഷം മാത്രം പ്രവർത്തിച്ച ഹോട്ടൽ നടത്തിപ്പിനായി ആറ് ലക്ഷം രൂപ സബ്സിഡിയായി കൈപ്പറ്റിയിട്ടുണ്ടെന്നും നഗരസഭയിലേക്ക് തിരിച്ചടയ്ക്കേണ്ട റിവോൾവിംഗ് ഫണ്ടായ 10,000 രൂപ ഇതുവരെ നഗരസഭയിലേക്ക് തിരിച്ചടച്ചിട്ട് ഇല്ലയെന്നും എൽഡിഎഫ് ആരോപിക്കുന്നു.
കലാ രാജു ചെയർപേഴ്സൺ സ്ഥാനത്തുനിന്നും മാറിനിൽക്കുകയും പാത്രങ്ങൾ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മുൻ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, മുൻ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.
അതേസമയം എൽഡിഎഫ് അംഗങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നതെന്നും നഗരസഭ ചെയർപേഴ്സൺ കലാ രാജു പറഞ്ഞു.
കൃത്യമായ രേഖകളോടുകൂടി അടുത്ത കൗൺസിലിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ അംഗങ്ങൾ തയാറാവാതെ പ്രതിഷേധിക്കുകയായിരുന്നു എന്നും കലാ രാജു പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഹോട്ടലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. 50,000 രൂപയുടെ ലോൺ പൂർണമായി അടച്ചുതീർത്ത ശേഷം സ്വന്തമായി വാങ്ങിയിട്ടുള്ള പാത്രങ്ങൾ തിരികെ എടുക്കുകയാണ് ചെയ്തത്. ഇത് ആർഐ നേരിൽ കണ്ട് ബോധ്യപ്പെട്ട് താക്കോൽ കൈപ്പറ്റുകയായിരുന്നെന്നും കലാ രാജു പറഞ്ഞു.