ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ അജ്ഞാതസംഘത്തിന്റെ ആക്രമണം നടക്കുന്നതായി നാട്ടുകാർ
1594592
Thursday, September 25, 2025 4:49 AM IST
ആലങ്ങാട് : ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ അജ്ഞാതസംഘം രാത്രിയിൽ സഞ്ചരിക്കുന്നവർക്കെതിരേ ആക്രമണം നടത്തുന്നതായി വ്യാപക പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരത്തിൽ വ്യാപക പ്രചരണം നടക്കുന്നത്. എന്നാൽ ആക്രമണം നടന്നതായി ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല.
ആലുവ -പറവൂർ റോഡിലെ മറിയപ്പടി, വലയോടം, പാലയ്ക്കൽ എന്നിവിടങ്ങളിലാണു അജ്ഞാത സംഘം വാഹനം തടഞ്ഞു നിർത്തിയുള്ള ആക്രമണം നടത്തിയതായി വാർത്ത പരന്നത്.
ചൊവ്വാഴ്ച രാത്രി അങ്കമാലി ഭാഗത്തെ ആശുപത്രിയിലേക്കു കാറിൽ പോയ സംഘത്തിനെ മൂന്നംഗ അജ്ഞാത സംഘം ആക്രമിക്കാൻ ശ്രമിച്ചതായി പറയുന്നു. കാർ കൈകാണിച്ചു നിർത്തിയ ശേഷമാണ് ആക്രമിക്കാനുള്ള ശ്രമം നടന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.
ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം അഞ്ച് മോഷണങ്ങളാണു നടന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മോഷണങ്ങൾ നടന്നിട്ടും ഭൂരിഭാഗം കേസിലും ആലങ്ങാട് പൊലീസിനു മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല.
ലഹരിസംഘങ്ങളുടെ ശല്യമുള്ളതിനാൽ പലരും ഭയന്നിട്ടു രാത്രി പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണു അജ്ഞാത സംഘം കറങ്ങി നടക്കുന്നതെന്നാണു നാട്ടുകാർ പറയുന്നത്.സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും പ്രദേശത്തു പരിശോധന നടത്തിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്നാണ് ആലങ്ങാട് പോലീസ് പറയുന്നത്.