ടോറസുകൾ തടഞ്ഞ് സമരം : ലോറിയുടെ ചില്ല് തകർന്നു; ചെറായിയിൽ സംഘർഷം
1594578
Thursday, September 25, 2025 4:38 AM IST
ചെറായി: രാത്രികാലങ്ങളിൽ വൈപ്പിൻ സംസ്ഥാനപാതയിലൂടെയുള്ള ടോറസ്, കണ്ടെയ്നർ ലോറികളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ പോലീസോ, മോട്ടോർ വാഹന വകുപ്പോ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ ടോറസുകൾ തടഞ്ഞിട്ടു. ബഹളങ്ങൾക്കിടയിൽ ഒരു ടോറസ് ലോറിയുടെ ചില്ല് തകർന്നത് ചെറിയ തോതിൽ സംഘർഷത്തിനും വഴിവച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ചെറായി ദേവസ്വം നടയിലായിരുന്നു സംഭവം. സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. ജോഷി, പി.ബി. സജീവൻ, ഇ.സി. ശിവദാസ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് സമരത്തിനെത്തിയത്.
കണ്ടെയ്നർ ലോറികൾ കണ്ടെയ്നർ റോഡിലൂടെ മാത്രം പോവുക. സംസ്ഥാനപാതയിലൂടെ പോകുന്ന ടോറസുകളും ടിപ്പറുകളും കണ്ടെയ്നറുകളും നിയമപ്രകാരമുള്ള നിബന്ധനകൾ പാലിക്കുക. നിയമം ലംഘിക്കുന്നവർക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നടപടിയെടുക്കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ.
21ന് പുലർച്ചെ അലക്ഷ്യമായി ഓടിച്ച ടോറസ് ഇടിച്ച് ചാത്തങ്ങാടുവച്ച് പള്ളിപ്പുറം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നിയന്ത്രണം പാലിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ഏരിയ സെക്രട്ടറി പ്രിനിൽ മുന്നറിയിപ്പു നൽകി.
പോലീസ് കേസെടുത്തു
ചെറായി: ചെറായി ദേവസ്വം നടയിൽ ടോറസ് ലോറികൾ തടഞ്ഞവർക്കെതിരെ മുനമ്പം പോലീസ് സ്വമേധയാ കേസെടുത്തു. സിപിഎം വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, കമ്മിറ്റി അംഗങ്ങളായ കെ.കെ. ജോഷി, പി.ബി. സജീവൻ, ഇ.സി. ശിവദാസ് എന്നിവർ ഉൾപ്പെടെ 65 ഓളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.