നെതന്യാഹു ഇന്ന് യുഎന്നിൽ പ്രസംഗിക്കും
Friday, September 26, 2025 12:08 AM IST
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലേക്കു തിരിച്ചു.
പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച ലോകനേതാക്കളെ യുഎൻ പ്രസംഗത്തിൽ തള്ളിപ്പറയുമെന്ന് യാത്രപുറപ്പെടുംമുന്പ് നെതന്യാഹു അറിയിച്ചു. ഇന്നാണ് അദ്ദേഹം യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടെ, ഗാസയിൽ ഇസ്രേലി സേന കനത്ത ആക്രമണം തുടരുകയാണ്. ഗാസ സിറ്റിയിൽ ഇസ്രേലി ടാങ്കുകൾ പ്രവേശിച്ചു. ഗാസയിൽ ഇന്നലെ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ രണ്ടു കുടുംബത്തിൽ അംഗങ്ങളായ 11 പേരും ഉൾപ്പെടുന്നു. തീവ്രവാദികളെ ലക്ഷ്യമിട്ട് 170 കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ വൈകാതെ വിജയം കാണുമെന്ന് യുഎസ് പ്രസിഡന്റ ട്രംപിന്റെ പ്രതിനിധിസ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞദിവസം പറഞ്ഞു. ഇതിനു മുന്പായി ട്രംപ് മുസ്ലിം രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കാൻ സമ്മതിക്കില്ലെന്ന് ട്രംപ് അറബ് നേതാക്കൾക്ക് ഉറപ്പുകൊടുത്തുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വെസ്റ്റ് ബാങ്ക് -ജോർദാൻ അതിർത്തി ഇസ്രയേൽ അടച്ചു
അമ്മാൻ: അധിനിവേശ വെസ്റ്റ് ബാങ്കിനും ജോർദാനും ഇടയിലുള്ള ഏക അതിർത്തി ചെക്പോസ്റ്റ് ഇസ്രയേൽ അടച്ചു. ഇതേത്തുടർന്ന് പലസ്തീനികൾക്ക് വെസ്റ്റ് ബാങ്ക് വിടാൻ പറ്റാതായി.
അല്ലെൻബി പാലം എന്നും കിംഗ് ഹുസൈൻ പാലം എന്നും അറിയപ്പെടുന്ന ചെക്പോസ്റ്റ് ബുധനാഴ്ച രാവിലെ മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചതായി ഇസ്രേലി അധികൃതർ അറിയിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കിയില്ല.
ഏതാനും ദിവസങ്ങൾക്കു മുന്പ് ഇവിടെവച്ച് ഒരു ജോർദാൻ സുരക്ഷാ ഉദ്യോഗസ്ഥൻ രണ്ട് ഇസ്രേലികളെ വെടിവച്ചു കൊന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ സംഭവസ്ഥലത്തുതന്നെ വധിച്ചു.
വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ ഇസ്രയേലിലെ വിമാനത്താവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും കടത്തിവിടാറില്ല.