ആർച്ച്ബിഷപ് ഫിലിപ്പോ യന്നോനെ മെത്രാന്മാർക്കു വേണ്ടിയുള്ള കാര്യാലയം അധ്യക്ഷൻ
Friday, September 26, 2025 11:20 PM IST
വത്തിക്കാൻ സിറ്റി: മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷനായും ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ഇറ്റാലിയൻ ആർച്ച്ബിഷപ് ഫിലിപ്പോ യന്നോനെ (68) യെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
കാനൻ നിയമവിദഗ്ധനായ ആർച്ച്ബിഷപ് ഫിലിപ്പോ കാനൻനിയമ വ്യാഖ്യാന കാര്യാലയത്തിന്റെ അധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. ഒക്ടോബർ 15ന് അദ്ദേഹം ചുമതലയേറ്റെടുക്കും.
മേയ് മാസം തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ മാർപാപ്പ നടത്തുന്ന സുപ്രധാന നിയമനമാണിത്. വത്തിക്കാനിലെ സുപ്രധാന വിഭാഗമാണു മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയം. ലോകമെങ്ങുമുള്ള രൂപതകളിൽ മെത്രാന്മാരെ നിയമിക്കുന്നതിന്റെ ചുമതല ഈ കാര്യാലയത്തിനാണ്.
ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച് സാർവത്രികസഭയുടെ 267-ാമത് മാർപാപ്പയായി കഴിഞ്ഞ മേയിൽ തെരഞ്ഞെടുക്കപ്പെടുന്നതിനുമുന്പ് വരെ ഈ കാര്യാലയത്തിന്റെ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നത് കർദിനാൾ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റാണ്.
ഇറ്റലിയിലെ നേപ്പിൾസ് സ്വദേശിയായ ആർച്ച്ബിഷപ് ഫിലിപ്പോ യന്നോനെ കർമലീത്താ സന്യാസ (ഒ.കാം) സഭാംഗമാണ്. ഇറ്റലിയിലെ ലാസിയോ രൂപതയുടെ ബിഷപ്പായിരുന്ന ഇദ്ദേഹം വിവിധ വത്തിക്കാൻ ഓഫീസുകളിൽ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.