യുദ്ധാനന്തര ഗാസാ ഭരണസമിതിയെ നയിക്കാൻ ടോണി ബ്ലയർ പരിഗണനയിൽ
Friday, September 26, 2025 11:20 PM IST
ലണ്ടൻ: യുദ്ധാനന്തര ഗാസയിലെ ഇടക്കാല ഭരണസംവിധാനത്തിനു നേതൃത്വം നല്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ബ്ലയറും അമേരിക്കൻ നേതൃത്വവും ചർച്ച നടത്തിവരുകയാണ്.
ഗാസ ഇന്റർനാഷണൽ ട്രാൻസിഷൻ അഥോറിറ്റി എന്ന പേരിൽ ഇടക്കാല ഭരണസംവിധാനം രൂപവത്കരിക്കാനാണ് ആലോചന. യുഎന്നിന്റെയും അറബ് രാജ്യങ്ങളുടെയും പിന്തുണയോടെയാകും പ്രവർത്തനം.
ഗാസയുമായി അതിർത്തിയുള്ള ഈജിപ്തിലായിരിക്കും ഭരണസമിതി ആദ്യം പ്രവർത്തിക്കുക. ഗാസ ശാന്തമാകുന്പോൾ അങ്ങോട്ടേക്കു മാറും. ഇതോടൊപ്പം അന്താരാഷ്ട്ര സേനയെ ഗാസയിൽ വിന്യസിക്കാനും പദ്ധതിയുണ്ട്. അഞ്ചു വർഷത്തിനുശേഷം പലസ്തീനികൾക്കുതന്നെ അധികാരം കൈമാറാനും പദ്ധതിയിൽ നിർദേശിക്കുന്നു.
യുദ്ധാനന്തര ഗാസയിൽ ഹമാസ് ഭീകരർക്കു പങ്കുണ്ടാവില്ല. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസും ഹമാസിനു പങ്കുണ്ടാവരുതെന്നു നിർദേശിച്ചിട്ടുണ്ട്.
1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു ബ്ലയർ.
2003ലെ ഇറാക്കി അധിനിവേശത്തിൽ അമേരിക്കയ്ക്കൊപ്പം ബ്രിട്ടീഷ് സേനയെ അയച്ചതിന്റെ കുപ്രസിദ്ധി അദ്ദേഹത്തിനുണ്ട്. യുഎൻ, യുഎസ്, യൂറോപ്യൻ യൂണിയൻ, റഷ്യ എന്നിവർ ഉൾപ്പെട്ട വൻശക്തി സമിതിയുടെ പശ്ചിമേഷ്യാ പ്രതിനിധിയായും ബ്ലയർ പ്രവർത്തിച്ചിട്ടുണ്ട്.