വെസ്റ്റ് ബാങ്ക് ഇസ്രയേലിനോട് ചേർക്കാൻ അനുവദിക്കില്ല: ട്രംപ്
Friday, September 26, 2025 11:20 PM IST
വാഷിംഗ്ടൺ ഡിസി: പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള നീക്കം നടക്കാൻ പോകുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെ ഇതിനു സമ്മതിക്കില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നെതന്യാഹുവുമായും അറബ് നേതാക്കളുമായും സംസാരിച്ചുവെന്ന് ട്രംപ് അറിയിച്ചു. ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. ട്രംപ് തിങ്കളാഴ്ച നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.
പാശ്ചാത്യശക്തികൾ പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്നതിനു മറുപടിയായി വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രയേലിനോടു കൂട്ടിച്ചേർക്കണമെന്ന് നെതന്യാഹു സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രനിലപാടുകാർ ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടനും ജർമനിയും അടക്കമുള്ള രാജ്യങ്ങളും ഇസ്രേലി നീക്കത്തിനെതിരേ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ഇതിനിടെ, അമേരിക്ക വീസ നിഷേധിച്ചതു മൂലം ന്യൂയോർക്കിലെത്താൻ കഴിയാതിരുന്ന പലസ്തീൻ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് കഴിഞ്ഞദിവസം വീഡിയോ ലിങ്കിലൂടെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തു.
പലസ്തീൻ-ഇസ്രയേൽ സമാധാനത്തിനായി ഫ്രാൻസ് മുന്നോട്ടുവച്ച ദ്വിരാഷ്ട്ര പദ്ധതി നടപ്പാക്കുന്നതിൽ ലോകരാജ്യങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് അബ്ബാസ് അറിയിച്ചു. പലസ്തീൻ രാഷ്ട്രപദവി അംഗീകരിച്ച രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.