ട്രംപിന്റെ വിമർശകൻ കോമിക്കെതിരേ കുറ്റപത്രം
Friday, September 26, 2025 11:20 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിമർശകനായ മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിക്കെതിരേ അമേരിക്കൻ കോടതി കുറ്റം ചുമത്തി. 2020ൽ സെനറ്റ് കമ്മിറ്റിക്കു മുന്പാകെ നുണ പറഞ്ഞു എന്ന ആരോപണത്തിലാണ് വിർജീനിയ സംസ്ഥാനത്തെ ഫെഡറൽ കോടതി നടപടിയെടുത്തത്.
ജയിംസ് കോമി അടക്കമുള്ള തന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരേ അന്വേഷണ ഏജൻസികൾ കർശന നടപടി സ്വീകരിക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് ഈ സംഭവവികാസം.
വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്ടിന്റെ യുഎസ് അറ്റോർണി ലിൻഡ്സേ ഹാലിഗൻ ആണ് കോമിക്കെതിരായ അന്വേഷണത്തിന് നേതൃത്വം നല്കുക. ഹാലിഗൻ മുന്പ് ട്രംപിന്റെ അഭിഭാഷകയായിരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ജയത്തിനായി റഷ്യൻ ഇടപെടലുണ്ടായി എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച കോമി, അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ മാധ്യമങ്ങൾക്കു ചോർത്തി നല്കിയോ എന്ന സെനറ്റ് കമ്മിറ്റിയുടെ ചോദ്യത്തിന് മറുപടിയായി നുണ പറഞ്ഞുവെന്നാണ് ഇപ്പോഴത്തെ കേസ്.
വ്യാജപ്രസ്താവന നടത്തി, നീതി നടസപ്പെടുത്തി എന്നീ കുറ്റങ്ങളാണു കോമിക്കെതിരേ കോടതി ചുമത്തിയത്. നിരപരാധിയാണെന്നും നിയമസംവിധാനത്തിൽ വിശ്വാസമുണ്ടെന്നുമാണു കോമി പ്രതികരിച്ചത്.
റഷ്യൻ ഇടപെടൽ വിഷയത്തിൽ അന്വേഷണവുമായി മുന്നോട്ടു പോയ കോമിയെ ട്രംപ് 2017 മേയിൽ എഫ്ബിഐ മേധാവി സ്ഥാനത്തുനിന്നു പുറത്താക്കുകയായിരുന്നു.