ബ്രിട്ടനിലും തിരിച്ചറിയൽ കാർഡ്; ലക്ഷ്യം അനധികൃത കുടിയേറ്റക്കാർ
Friday, September 26, 2025 11:20 PM IST
ലണ്ടൻ: ബ്രിട്ടീഷ് പൗരന്മാർക്കും ബ്രിട്ടനിൽ സ്ഥിരതാമസത്തിന് അനുമതിയുള്ളവർക്കുമായി നിർബന്ധിത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണു നടപടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ മാതൃകയാക്കി ആയിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
തൊഴിൽദാതാക്കൾ തൊഴിലന്വേഷകരുടെ പശ്ചാത്തലം അന്വേഷിക്കുന്പോൾ ഡിജിറ്റൽ തിരിച്ചറിയൽ കാർഡും പരിശോധിക്കണം. സംവിധാനം യാഥാർഥ്യമായാൽ ബ്രിട്ടനിൽ അനധികൃതമായി തൊഴിലെടുക്കാൻ പറ്റാതാകുമെന്നു പ്രധാനമന്ത്രി സ്റ്റാർമർ വിശദീകരിച്ചു. ക്ഷേമപദ്ധതികൾ, ശിശുസംരക്ഷണം, നികുതിയൊടുക്കൽ തുടങ്ങിയവയുമായും ഡിജിറ്റൽ തിരിച്ചറിയൽ കാർഡിനെ ബന്ധിപ്പിക്കാൻ ആലോചനയുണ്ട്.
കുടിയേറ്റവിഷയത്തിൽ ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്ക വർധിച്ചുവരുന്നതായി അഭിപ്രായ സർവേകളിൽ തെളിയുന്ന പശ്ചാത്തലത്തിലാണു സ്റ്റാർമറുടെ നീക്കം.
രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെ ബ്രിട്ടനിൽ തിരിച്ചറിയിൽ കാർഡ് നിർത്തലാക്കിയിരുന്നു. പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസുമാണു തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കുന്നത്.
സ്റ്റാർമറുടെ ലേബർ പാർട്ടി 2000ൽ അധികാരത്തിലിരുന്ന പ്പോൾ തിരിച്ചറിയൽ കാർഡ് പുനഃസ്ഥാപിക്കാൻ ആലോചിച്ചെങ്കിലും പൗരാവകാശങ്ങളുടെ ലംഘനമായേക്കുമെന്നു കണ്ട് ഉപേക്ഷിച്ചു.
ഇന്ത്യ, ഓസ്ട്രേലിയ, ഡെന്മാർക്ക്, എസ്തോണിയ രാജ്യങ്ങൾ നടപ്പാക്കിയ തിരിച്ചറിയൽ കാർഡ് സംവിധാനങ്ങളിലെ ഏറ്റവും നല്ല വശങ്ങൾ ഉൾപ്പെടുത്തിയാകും ബ്രിട്ടൻ പദ്ധതി നടപ്പാക്കുകയെന്നാണു സർക്കാർ വൃത്തങ്ങൾ പറഞ്ഞത്.