ആഗോള ഭൂതോച്ചാടകരുടെ സമ്മേളനത്തിനു സമാപനം
Friday, September 26, 2025 12:02 AM IST
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന ഭൂതോച്ചാടക വൈദികരുടെ സമ്മേളനത്തിന് സമാപനം. റോമിനടുത്ത സാക്രെഫാനോയിലെ ഫ്രറ്റേർന ഡൊമുസ് ഹൗസ് ഓഫ് സ്പിരിച്വാലിറ്റിയിൽ നടന്ന 15-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ആശംസാസന്ദേശമയച്ചു.
തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യർക്ക് വിടുതലും ആശ്വാസവും നൽകുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് മാർപാപ്പ പറഞ്ഞു. ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷ്മായി കൈകാര്യം ചെയ്യേണ്ടതും എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണ്. ഈ ശുശ്രൂഷയ്ക്കായി സ്വയം സമർപ്പിച്ചിരിക്കുന്ന വൈദികരെ മാർപാപ്പ അഭിനന്ദിച്ചു. ഇതൊരു വിമോചന ശുശ്രൂഷയായും ആശ്വാസ ശുശ്രൂഷയായും നിർവഹിക്കണം. തിന്മയുടെ ശക്തി ആവസിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കർത്താവിനോട് കൂടുതല്‍ പ്രാർഥിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.
ഭൂതോച്ചാടനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തിൽ മാർപാപ്പയുടെ സന്ദേശം വായിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുൾപ്പെടെ മുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു വർഷം കൂടുമ്പോഴാണ് ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. ആയിരത്തിലേറെ അംഗങ്ങളുള്ള സംഘടനയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്സ്.