വാഹനാപകടം: യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
Saturday, September 27, 2025 2:24 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി എത്തുകയും നിരവധി വാഹനാപകടങ്ങൾക്ക് കാരണക്കാരനാകുകയും ചെയ്ത പ്രതാപ് സിംഗ് എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തു. 2024 ജൂണിൽ കലിഫോർണിയയിൽ ഇയാൾ ഒാടിച്ചിരുന്ന ട്രക്ക് ഇടിച്ച് അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുട്ടിയുടെ രണ്ടാനച്ഛനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യവുമുണ്ടായി. മൂന്നാഴ്ചയോളം കോമയിൽ കഴിഞ്ഞ കുട്ടിക്ക് ആറു മാസം നീണ്ട ചികിൽസയും വേണ്ടിവന്നു.
തലയോട്ടിക്ക് ക്ഷതമേറ്റ കുട്ടിക്ക് ജീവിതാവസാനം വരെ തെറാപ്പി ആവശ്യമാണ്. 2022 ഒക്ടോബറിൽ അനധികൃതമായി തെക്കൻ അതിർത്തി കടന്നെത്തിയ ഇയാളെ ജോ ബൈഡൻ സർക്കാർ സമൂഹത്തിലേക്കു തുറന്നുവിട്ടുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അപകടകരമായ വേഗതയിൽ ട്രക്ക് ഓടിക്കുകയാണു പ്രതാപ് സിംഗ് ചെയ്തതെന്നും വിവരമുണ്ട്.
കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിന്റെ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റാണ് ഇത്തരക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതെന്ന് ഡിഎച്ച്എസ് മേധാവി ക്രിസ്റ്റി നോഎം ആരോപിച്ചു.