പിരിഞ്ഞിരിക്കാന്‍ കഴിയില്ല; ഒരുമിച്ചു മരണംവരിച്ച് റൂത്ത് പോസ്നറും ഭര്‍ത്താവും
Saturday, September 27, 2025 2:24 AM IST
ലണ്ടൻ: മരണത്തിനുപോലും തങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലെന്ന് പറയുന്നവരുണ്ട് ലോകത്ത്. പിരിഞ്ഞിരിക്കാനാകാതെ ഒരുമിച്ച് മരണം വരിച്ചിരിക്കുകയാണ് പോളിഷ് അഭിനേത്രി റൂത്ത് പോസ്നറും (96) ഭര്‍ത്താവ് മൈക്കേല്‍ പോസ്നറും (97). സ്വിറ്റ്സർലൻഡിലെ ഒരു അസിസ്റ്റഡ് ഡയിംഗ് ക്ലിനിക്കിൽ വച്ചായിരുന്നു ഇരുവരുടെയും മരണം.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുസംബന്ധിച്ച് ഇ-മെയിൽ സന്ദേശം അയച്ചശേഷമായിരുന്നു ഇവര്‍ മരണം വരിച്ചത്. ഇരുവര്‍ക്കും പ്രത്യേക അസുഖങ്ങളോ മറ്റോ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. 75 വർഷത്തെ ദാമ്പത്യത്തിനുശേഷം വേർപിരിയാതിരിക്കാൻ ആഗ്രഹിച്ചതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു.
‘പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. നേരത്തേ പറയാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഈ ഇ-മെയിൽ കിട്ടുമ്പോഴേക്കും ഞങ്ങള്‍ ഈ ലോകത്തുനിന്നും പോയിരിക്കും’ എന്നായിരുന്നു ഇരുവരുടെയും അവസാന സന്ദേശം. മരണം തങ്ങളുടെ തീരുമാനമാണെന്നും ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടില്ലെന്നും ഇരുവരും പറയുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പില്‍ നടന്ന യഹൂദർക്കെതിരായ വംശഹത്യയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട റൂത്ത് പോസ്നര്‍ തന്റെ 16-ാം വയസിലാണ് അഭയാർഥിയായി യുകെയിലെത്തുന്നത്. കത്തോലിക്കാ സ്കൂള്‍ വിദ്യാർഥിയെന്ന വ്യാജേനയായിരുന്നു യുകെയില്‍ കഴിഞ്ഞിരുന്നത്. പിന്നീടാണ് നൃത്തം പഠിക്കുന്നതും തിയറ്ററിലെത്തുന്നതുമെല്ലാം. അഭിനയത്തില്‍ ശോഭിച്ചതോടെ താരമായി മാറി.
1950ലാണ് റൂത്ത് ബ്രിട്ടീഷ് പൗരനായ മൈക്കൽ എസ്. പോസ്നറെ വിവാഹം കഴിക്കുന്നത്. തന്റെ എൺപതുകളിലും ലോകമഹായുദ്ധകാലത്തെയും യഹൂദ കൂട്ടക്കൊലയെയും കുറിച്ചുള്ള നീറുന്ന ഓര്‍മകള്‍ റൂത്ത് പുതിയ തലമുറയോട് പങ്കുവച്ചിരുന്നു. ‘ഹൂ ഡു വി തിങ്ക് വി ആർ’ എന്ന നാടകത്തിൽ റൂത്ത് തന്റെ ജീവിതം പുനരാവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ലിയോൺ ദ പിഗ് ഫാർമർ (1992), ഡു ഐ ലവ് യു? (2002), ദ ഫുട്ബോൾ ഫാക്ടറി (2004), ഷെമിറ (2017) എന്നീ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നർത്തകിയുമായിരുന്നു റൂത്ത്.