മതാധ്യാപകരുടെ ജൂബിലിയാഘോഷം ഇന്നുമുതൽ വത്തിക്കാനിൽ
Friday, September 26, 2025 12:08 AM IST
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതാധ്യാപകരുടെ ജൂബിലിയാഘോഷം ഇന്നുമുതൽ 28 വരെ വത്തിക്കാനിലും റോം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ഇന്ത്യയുൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള 20,000ത്തിലധികം മതാധ്യാപകർ പങ്കെടുക്കും.
ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ‘വിശുദ്ധ വാതിൽ’ കടന്നുകൊണ്ടാകും ആഘോഷപരിപാടികൾ ആരംഭിക്കുക. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തവൈകുന്നേരം 6.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സായാഹ്നപ്രാർഥനയ്ക്ക് സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗം പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിഷെല്ല നേതൃത്വം നൽകും.
നാളെ രാവിലെ പത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ജൂബിലിയാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാലിന് റോമിലെ വിവിധ പള്ളികളിൽ മെത്രാന്മാരുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ് ഭാഷകളിൽ മതാധ്യാപകർക്കായി പ്രത്യേക സമ്മേളനങ്ങൾ നടക്കും.
28നു രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ജൂബിലിയാഘോഷം സമാപിക്കും. ഇന്ത്യയിൽനിന്നുൾപ്പെടെ മികവ് പുലർത്തിയ 39 മതാധ്യാപകരെ മാർപാപ്പ ആദരിക്കും.
ആലപ്പുഴ രൂപതാംഗവും വിശ്വാസരൂപീകരണത്തിനായുള്ള സിസിബിഐ കമ്മീഷൻ നാഷണൽ കൗൺസിൽ മെംബറുമായ ബോബൻ ക്ലീറ്റസ്, ബംഗളൂരു അതിരൂപതാംഗവും യുകാറ്റ് സംഘടനയുടെ മെംബറുമായ സുനിൽ ആന്റണി തോമസ്, ഹൈദരാബാദ് അതിരൂപതാംഗവും യൂത്ത് കാറ്റിക്കിസം ഓഫ് കാത്തലിക് ചർച്ച് (യുകാറ്റ്) മെംബറുമായ ലാരിസ പീറ്റർ എന്നിവരാണ് ഇന്ത്യയിൽനിന്ന് ആദരിക്കപ്പെടുന്ന മതാധ്യാപകർ.