സർക്കോസിക്ക് അഞ്ചു വർഷം തടവ്
Friday, September 26, 2025 12:08 AM IST
പാരീസ്: തെരഞ്ഞെടുപ്പു പ്രചാരണത്തിന് ലിബിയൻ സർക്കാരിൽനിന്ന് അനധികൃതമായി വൻതുക കൈപ്പറ്റിയെന്ന കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് കോടതി അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു.
ഒരു ലക്ഷം യൂറോ പിഴയൊടുക്കണം. വരും ദിവസങ്ങളിൽ അദ്ദേഹത്തെ ജയിലിൽ അടയ്ക്കും. തടവുശിക്ഷ അനുഭവിക്കുന്ന ആദ്യ മുൻ ഫ്രഞ്ച് പ്രസിഡന്റ് എന്ന കുപ്രസിദ്ധിയാണ് സർക്കോസിക്കുമേൽ പതിക്കുക.
വധിക്കപ്പെട്ട ലിബിയൻ ഭരണാധികാരി കേണൽ ഗദ്ദാഫിയിൽനിന്ന് സർക്കോസി അഞ്ചു കോടി യൂറോ വരുന്ന തുക കൈപ്പറ്റിയെന്നും 2007ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ആരോപണം. ഗദ്ദാഫി ഭരണകൂടം അന്താരാഷ്ട്രതലത്തിൽ നേരിട്ട ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ സഹായിക്കാമെന്നായിരുന്നു സർക്കോസിയുടെ വാഗ്ദാനം.തെരഞ്ഞെടുപ്പ് ജയിച്ച സർക്കോസി 2012ൽ തോറ്റ് പുറത്താവുകയായിരുന്നു.
2013ലാണ് സർക്കോസിക്കെതിരേ അന്വേഷണം ആരംഭിച്ചത്. അദ്ദേഹത്തിനെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.
അപ്പീൽ നല്കുമെന്നാണ് സർക്കോസി അറിയിച്ചത്. അപ്പീൽ കാലയളവിലും ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. സർക്കോസിയുടെ ആഭ്യന്തര മന്ത്രിക്കെതിരേയും ഇതേ കുറ്റം തെളിഞ്ഞു.