പലസ്തീനെ അംഗീകരിച്ചവരെ തള്ളിപ്പറഞ്ഞ് നെതന്യാഹു
Friday, September 26, 2025 11:20 PM IST
ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്യ ശക്തികളെ തള്ളിപ്പറഞ്ഞ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ശുദ്ധ ഭ്രാന്താണെന്നും ഇസ്രയേൽ അതു ചെയ്യില്ലെന്നും ഇന്നലെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.
തന്റെ യുഎൻ പ്രസംഗം ഉച്ചഭാഷിണികൾ വച്ച് ഗാസയിൽ കേൾപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഗാസയിലുള്ള ഇസ്രേലി ബന്ദികളെ മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെയും അമേരിക്കയുടെയും ശത്രുവായ ഇറാനെതിരേ കൂടുതൽ ഉപരോധങ്ങൾ ചുമത്തണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രേലി സേന ഗാസയിലെ സിവിലിയന്മാരെ ആക്രമിക്കുന്നുവെന്ന ആരോപണം നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോൾ ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയി.