ഗാസ സഹായബോട്ടുകളെ സംരക്ഷിക്കാൻ ഇറ്റലിയും സ്പെയിനും യുദ്ധക്കപ്പൽ അയച്ചു
Friday, September 26, 2025 12:08 AM IST
റോം: ഗാസയ്ക്കു സഹായവസ്തുക്കളുമായി പുറപ്പെട്ട ബോട്ടുകളുടെ സംരക്ഷണത്തിനായി ഇറ്റലിയും സ്പെയിനും യുദ്ധക്കപ്പലുകൾ അയച്ചു. ബുധനാഴ്ച ബോട്ടുകളിൽ ഡ്രോൺ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണിത്.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല എന്ന പേരിൽ അന്പതോളം സിവിലിയൻ ബോട്ടുകളാണു ഗാസയിലേക്കു പുറപ്പെട്ടിരിക്കുന്നത്. ഇസ്രയേലിന്റെ നാവിക ഉപരോധം ലംഘിച്ച് ഗാസയിൽ സഹായവസ്തുക്കൾ വിതരണം ചെയ്യലാണു ലക്ഷ്യം.
ഗ്രേറ്റ തുൻബെർഗ് അടക്കമുള്ള ആക്ടിവിസ്റ്റുകൾ, പാർലമെന്റ് അംഗങ്ങൾ, അഭിഭാഷകർ എന്നിവരാണു ബോട്ടുകളിലുള്ളത്. ബുധനാഴ്ച ഗ്രീസിനടുത്തുവച്ച് ഡ്രോൺ ഉപയോഗിച്ച് ബോട്ടുകളിൽ സ്റ്റൺ ഗ്രനേഡും ചൊറിച്ചിലുണ്ടാക്കുന്ന പൊടിയും വിതറിയിരുന്നു. സംഭവത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ആരോപിക്കപ്പെടുന്നു.
ഇതിനു പിന്നാലെ ഇറ്റലി ആദ്യ യുദ്ധക്കപ്പൽ അയച്ചു. രണ്ടാമത്തെ യുദ്ധക്കപ്പൽ അയച്ചതായി ഇറ്റാലിയൻ പ്രതിരോധമന്ത്രി ഗൈഡോ ക്രോസെറ്റോ ഇന്നലെ അറിയിച്ചു. ബോട്ടുകളിലെ ഇറ്റലിക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻവേണ്ടിയാണിതെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഗാസയിൽ സഹായവിതരണം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിരോധമന്ത്രിയും പ്രധാനമന്ത്രി ജോർജിയ മെലോണിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ നിർദേശിക്കുന്നതുപോലെ സഹായവസ്തുക്കൾ ഇസ്രേലി അധികൃതർക്കു കൈമാറുകയോ സൈപ്രസിനു കൈമാറുകയോ ചെയ്താൽ അവരത് ഗാസയിൽ എത്തിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്.
ജൂണിൽ ഗ്രേറ്റ തുൻബെർഗിന്റെ നേതൃത്വത്തിൽ ഗാസയ്ക്കു സഹായവുമായി ബോട്ടിലെത്തിയവരെ ഇസ്രേലി സേന കസ്റ്റഡിയിലെടുത്ത് പിന്നീട് രാജ്യത്തിനിന്നു കയറ്റിവിട്ടിരുന്നു.