മരുന്നിനുമില്ല മര്യാദ!, മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്
Saturday, September 27, 2025 3:01 AM IST
വാഷിംഗ്ടൺ ഡിസി: ബ്രാൻഡഡ്, പേറ്റന്റഡ് മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കിച്ചൻ കാബിനറ്റുകൾക്കും ശുചിമുറി സാമഗ്രികൾക്കും 50 ശതമാനവും അപ്ഹോൾസ്റ്റേഡ് ഫർണിച്ചറിന് 30 ശതമാനവും ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തും.
ഒക്ടോബർ ഒന്നിനു പുതിയ ഇറക്കുമതിത്തീരുവ പ്രാബല്യത്തിലാകും. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ട്രംപിന്റെ നടപടി പ്രധാനമായും ബാധിക്കുക ഇന്ത്യയെയായിരിക്കും.
അമേരിക്കയിൽ പ്ലാന്റുകളുള്ള കന്പനികൾക്കു തീരുവ ഈടാക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. അമേരിക്കയിൽ പ്ലാന്റ് നിർമാണം ആരംഭിച്ച കന്പനികൾക്കും ഇളവുണ്ട്. സിപ്ല, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, ലുപിൻ തുടങ്ങിയ വന്പൻ ഇന്ത്യൻ കന്പനികൾക്ക് അമേരിക്കയിൽ പ്ലാന്റുകളുണ്ട്.
തീരുവവർധന ബജറ്റ് കമ്മി കുറയ്ക്കുമെന്നും ആഭ്യന്തര ഉത്പാദനം വർധിക്കുമെന്നുമാണ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം, അമേരിക്കയുടെ ആരോഗ്യരംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുന്നതാണു ട്രംപിന്റെ തീരുമാനമെന്നു വിലയിരുത്തപ്പെടുന്നു.
അവശ്യമരുന്നുകളുടെ വില ഉടൻതന്നെ കുത്തനേ ഉയരും. 2024ൽ അമേരിക്ക 23,300 കോടി ഡോളറിന്റെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്തുവെന്നു സെൻസസ് ബ്യൂറോ അറിയിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ട്രംപ് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മരുന്നുകൾക്ക് 100 ശതമാനം തീരുവ ഈടാക്കുന്നത്.
ബ്രാൻഡഡ്, പേറ്റന്റഡ് മരുന്നുകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ഇന്ത്യയിൽനിന്നു ജെനറിക് മരുന്ന് കയറ്റുമതിയെ കാര്യമായി ബാധിക്കില്ലെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഫാർമെക്സിൽ) ചെയർമാൻ നമിത് ജോഷി ചൂണ്ടിക്കാട്ടി. “അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മരുന്ന് കയറ്റുമതിയിൽ വലിയ പങ്കും ജെനറിക് മരുന്നുകളാണ്.
അമേരിക്കയിൽ ഉപയോഗിക്കുന്ന ജെനറിക് മരുന്നുകളിൽ 45 ശതമാനവും ഇന്ത്യയിൽനിന്ന് എത്തുന്നതാണ്. 3000 കോടി ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ കഴിഞ്ഞ സാന്പത്തികവർഷത്തിൽ കയറ്റുമതി ചെയ്തത്. ഇതിൽ 1100 കോടി ഡോളറിന്റേത് അമേരിക്കയിലേക്കായിരുന്നു”-നമിത് ജോഷി കൂട്ടിച്ചേർത്തു.
കിച്ചൻ കാബിനറ്റുകളുടെ തീരുവ വർധന റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. വിദേശനിർമിത ഹെവി ട്രക്കുകളുടെ തീരുവ കൂട്ടിയത് തദ്ദേശീയ കന്പനികളെ സംരക്ഷിക്കാനാണെന്നു ട്രംപ് പറഞ്ഞു. പീറ്റർബിൽറ്റ്, കെൻവർത്ത്, ഫ്രൈറ്റ്ലൈനർ, മാക്ക് ട്രക്ക്സ് തുടങ്ങിയ വിദേശ കന്പനികളാണ് പ്രധാനമായും അമേരിക്കയിലേക്ക് ഹെവി ട്രക്കുകൾ കയറ്റുമതി ചെയ്യുന്നത്.