കടനാട് പഞ്ചായത്ത് അനധികൃതമായി ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാന്‍ ഉത്തരവ്
1594448
Wednesday, September 24, 2025 11:36 PM IST
കടനാട്: കടനാട് പഞ്ചായത്തില്‍ ലൈബ്രറി വികസനമെന്ന പേരില്‍ ചെലവാക്കിയ 1,20,000 രൂപ പഞ്ചായത്തില്‍ ആ കാലയളവില്‍ സേവനം അനുഷ്ഠിച്ചിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
മാത്യു ചന്ദ്രന്‍കുന്നേലിന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം നീലൂര്‍ നാഷണല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന് താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ വിട്ടുനല്‍കിയിരുന്നു. 2008ല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന നിബന്ധനയ്ക്കു വിരുദ്ധമായി ലൈബ്രറി കെട്ടിടവും സ്ഥലവും കടനാട് പഞ്ചായത്തിന് വിട്ടുകൊടുക്കാന്‍ ലൈബ്രറി ഭരണസമിതി തീരുമാനിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഈ കെട്ടിടം 1.20 ലക്ഷം രൂപ മുടക്കി നവീകരിക്കുകയും ചെയ്തു.
ഇതിനിടെ, തന്റെ പിതാവിന്റെ പേരിലുള്ള വസ്തു തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് മകൻ സേവ്യര്‍ മാത്യു സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ലൈബ്രറി സ്ഥിതി ചെയ്യുന്ന വസ്തു അതിന്റെ ഉടമയ്ക്ക് തിരികെ നല്‍കാനും കെട്ടിടം നവീകരിക്കാന്‍ ചെലവാക്കിയ 1.20 ലക്ഷം രൂപ ആ കാലയളവില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കിയെടുക്കുന്നതിനും ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവിനെതിരേ കടനാട് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വസ്തു ഹര്ജിക്കാരന് വിട്ടുനല്‍കാൻ ഉത്തരവായി.
ഹര്‍ജിക്കാരനു വേണ്ടി അഡ്വ. സെര്‍ജി ജോസഫ് തോമസ് ഹാജരായി.